Kerala
ഡ്രഡ്ജര്‍ അഴിമതിക്കേസ്: ജേക്കബ് തോമസിനെതിരായ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി,അറസ്റ്റ് പാടില്ല
എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു
ന്യൂഡല്‍ഹി | ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിജിലന്‍സ് കേസ് തുടരാന്‍ അനുമതി നല്‍കിയ കോടതി രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഇക്കാലയളവില്‍ ജേക്കബ്ബ് തോമസിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.
ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെ്ഞ്ചിന്റേതാണ് ഉത്തരവ്. അഴിമതിയില്‍ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അന്വേഷണം പൂര്‍ത്തിയാക്കാനാണ് അനുമതിയെന്നും എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നെതര്‍ലാന്‍ഡസ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം.
സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരിന്‍ വി റാവല്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.ജേക്കബ് തോമസിനായി അഭിഭാഷകന്‍ എ.കാര്‍ത്തിക്, കേസിലെ മറ്റൊരു ഹരജിക്കാരനായി അഭിഭാഷകന്‍ കാളിശ്വരം രാജ് എന്നിവര്‍ ഹാജരായി.