Kerala
സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം; പഴി തനിക്കും മറ്റൊരു നടനും മാത്രം: ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പോലീസ്.

കൊച്ചി | സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. പ്രമുഖരായ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിലും പഴി മുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണെന്ന് ഷൈന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. സിനിമാ സെറ്റുകളിലും മറ്റും പരിശോധനകള്‍ ശക്തമാക്കിയതിനാല്‍ കഴിഞ്ഞ ഒരു മാസമായി ലഹരി കിട്ടാന്‍ പ്രയാസം നേരിടുന്നുണ്ടെന്നും ഷൈന്‍ വ്യക്തമാക്കി.
ഇന്നലെ പിടിച്ചെടുത്ത ഷൈനിന്റെ ഫോണും നടന്റെ ശരീരസ്രവ സാമ്പിളുകളും നാളെ കോടതിയില്‍ ഹാജരാക്കും. ഇവ പിന്നീട് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയയ്ക്കും.
ഷൈന്‍ ടോം ചാക്കോയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പോലീസ്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ വ്യക്തികള്‍ക്ക് കൈമാറിയ ഇടപാടുകളിലാണ് സംശയം നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ നടന്ന 14ഓളം പണ ഇടപാടുകള്‍ ലഹരിക്കു വേണ്ടിയുള്ളതായിരുന്നോ എന്നാണ് സംശയം. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും. എന്നാല്‍, ഇതെല്ലാം താന്‍ പലര്‍ക്കായി കടം കൊടുത്ത പണമാണെന്നാണ് ഷൈന്‍ പറയുന്നത്.
പോലീസിനു മുമ്പില്‍ ഹാജരാകുന്നതിനു മുമ്പ് രക്ഷപ്പെടാനായി ലഹരി സാന്നിധ്യം മറയ്ക്കാന്‍ ഷൈന്‍ മറുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ലഹരി വിമുക്ത കേന്ദ്രത്തില്‍ ഷൈന്‍ ചികിത്സ തേടിയിരുന്നോ എന്നതിലും അന്വേഷണമുണ്ടാകും.
കൂത്താട്ടുകുളത്തെ ലഹരി വിമോചന കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെന്നാണ് ഷൈന്‍ മൊഴി നല്‍കിയിട്ടുള്ളത്.
എനര്‍ജിക്കു വേണ്ടിയാണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും ഷൈന്‍ പറഞ്ഞു. ഹോട്ടലില്‍ ഷൈനിനെ കാണാന്‍ എത്തിയവരിലേക്കും അന്വേഷണം നീളും. കൂട്ടുപ്രതിയായ മുര്‍ഷാദിനെ കൂടാതെ മറ്റ് രണ്ടുപേര്‍ കൂടി ഹോട്ടലില്‍ എത്തിയിരുന്നു.