Kerala
ലഹരി ഉപയോഗം: ലിബറല്‍ ചിന്താഗതിക്ക് വലിയ പങ്കെന്ന് കാന്തപുരം
ഗുണദോഷിച്ചാല്‍ പഴഞ്ചനാക്കി കളയുമോ എന്ന് കരുതി മൗനം പ്രാപിക്കുന്നവരുണ്ടെന്നും കാന്തപുരം
കോഴിക്കോട് | ലഹരി ഉപയോഗത്തില്‍ ലിബറല്‍ ചിന്താഗതിക്ക് വലിയ പങ്കുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍. കൊലപാതകവും പിടിച്ചുപറിയും പീഡനവും വാഹനാപകടവും തുടങ്ങി ലഹരി വില്ലനാകുന്ന അനേകം സംഭവങ്ങളാണ് എങ്ങുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പുരോഗമന സമൂഹമെന്ന് പറയുംതോറും അപചയങ്ങളുടെ രംഗമാണ് പലപ്പോഴും ദൃശ്യമാകുന്നത്. ആര്‍ക്കും എന്തും ആവാം, ആരെയും ഗുണദോഷിക്കരുത്, അവരവരുടെ ഇഷ്ടം, എന്നൊക്കെയുള്ള ലിബറല്‍ ചിന്താഗതിക്ക് ഇതില്‍ വലിയ പങ്കുണ്ട്. പലരും തിരിച്ചറിയുന്നില്ലെന്ന് മാത്രം. എന്തെങ്കിലും പറഞ്ഞാല്‍ സമൂഹം തങ്ങളെ പഴഞ്ചനാക്കി കളയുമോയെന്ന് കരുതി മൗനം പ്രാപിക്കുന്നവരുമുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.
ലഹരി എക്കാലവും എതിര്‍ക്കപ്പെടേണ്ടതാണെന്ന സമീപനത്തില്‍ നിന്ന് സമൂഹം പിറകോട്ടുപോയതിന്റെ പ്രത്യാഘാതമായാണ് ഞാനീ സംഭവങ്ങളെ നോക്കികാണുന്നത്. വരുമാനത്തിന്റെ പേരില്‍ മദ്യവും സുലഭമായി ഒഴുക്കാന്‍ തുടങ്ങി നാളേറെയായി. ആ സമീപനമാണ് മറ്റു ലഹരികളുടെ വ്യാപനത്തിനും മൗനസാഹചര്യമൊരുക്കിയത്. ലഹരിയെ ലളിതമായി നോക്കിക്കാണുന്ന സമീപനവും സമൂഹത്തിന് പറ്റിയ പിഴവാണ്. എന്താണ് ചെയ്യുന്നതെന്ന് പോലുമറിയാതെ, മാതാവോ പിതാവോ ബന്ധുക്കളോ എന്നുപോലും നോക്കാതെ കൈയില്‍ കിട്ടിയതുമെടുത്ത് ആക്രമണം നടത്തുകയും പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുകയും ചെയ്യുന്ന എത്രയെത്ര യുവാക്കളാണ് സമൂഹത്തില്‍.
അവരുടെ ദയനീയ സാഹചര്യം അധികാര കേന്ദ്രങ്ങളുടെ ഉള്ളു തുറപ്പിക്കേണ്ടതുണ്ട്. സ്വസ്ഥതയും സമാധാനവും നിറഞ്ഞ ഒരു സാമൂഹിക അന്തരീക്ഷം സാധ്യമാവണമെങ്കില്‍ ലഹരി ഉപയോഗം പാടേ അവസാനിപ്പിക്കുകതന്നെവേണം. അടിമപ്പെട്ടവരുടെ പുനരുജ്ജീവനവും സാധ്യമാകേണ്ടതുണ്ട്. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ വരെ ഈ ലഹരിച്ചരടില്‍ കണ്ണിയാകുന്നു എന്നതാണ് അത്യധികം സങ്കടകരം. സര്‍ക്കാരും എക്‌സൈസ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളുമൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലേ ഈ സാമൂഹിക വിപത്തിനെ നമുക്ക് തുരത്താനാവൂ. ഇക്കാര്യത്തില്‍ ഓരോ പൗരനും വലിയ പങ്കുവഹിക്കാനുണ്ടെന്നും മദ്യം സകല തിന്മകളുടെയും മാതാവാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.