Kozhikode
ലഹരി: വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് എസ് എസ് എഫ്
മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ് തല ജാഗ്രതാ സമിതി ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ സെക്ടര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികാരികളുമായുള്ള കൂടിക്കാഴ്ച 'ജനജാഗ്രത' പരിപാടി നടക്കും.

കോഴിക്കോട് | ലഹരി വിരുദ്ധ പ്രചാരണം ഏകോപിപ്പിക്കാനും വ്യാപനം തടയാനും ലഹരി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി വാര്‍ഡ് തലങ്ങളില്‍ നിലവില്‍ വരേണ്ട സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണമെന്ന് എസ് എസ് എഫ് പൊളിറ്റിക്കല്‍ അഫേഴ്‌സ് സംഗമം അഭിപ്രായപ്പെട്ടു.
‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തില്‍ ലഹരി, സൈബര്‍ ക്രൈം എന്നീ വിഷയങ്ങളില്‍ ബോധവത്കരണവും പ്രക്ഷോഭ പരിപാടികളുമായി എസ് എസ് എഫ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ് തല ജാഗ്രതാ സമിതി ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ സെക്ടര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികാരികളുമായുള്ള കൂടിക്കാഴ്ച ‘ജനജാഗ്രത’ പരിപാടി നടക്കും.
ലഹരിക്കെതിരെ ക്രിയാത്മക ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന വാര്‍ഡ് തല സമിതികള്‍ ഭൂരിഭാഗം സ്ഥലങ്ങളിലും നിലവില്‍ വരാതിരിക്കുകയും വന്നിടങ്ങളില്‍ നിഷ്‌ക്രിയമാകുകയും ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കുകയും പരിഹാരം കാണുകയും വേണം. നിയമവും സംവിധാനങ്ങളും ഉണ്ടെങ്കിലും അവയുടെ നിര്‍വഹണത്തില്‍ വരുന്ന പാളിച്ചകളാണ് ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളെ ദുര്‍ബലമാക്കുന്നത്. നിയമനിര്‍മാണ സഭയും, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും, രക്ഷിതാക്കളും, പൊതു സമൂഹവുമെല്ലാം തങ്ങളുടെ ബാധ്യത നിറവേറ്റുമ്പോള്‍ മാത്രമാണ് ലഹരിയുടെ വിപത്തിനെ വിപാടനം ചെയ്യാന്‍ സാധിക്കൂ. ചില്ലറ വില്‍പനക്കാരെ മാത്രമല്ല സ്രോതസ്സുകളെ തന്നെ പിടികൂടി ഇല്ലായ്മ ചെയ്യാന്‍ നിയമസംവിധാനങ്ങള്‍ക്ക് കഴിയണമെന്നും സംഗമം ഉണര്‍ത്തി.
സംസ്ഥാന സെക്രട്ടറി ഹാരിസ് വയനാട്, മുഹമ്മദ് സ്വാദിഖ് തെന്നല, ഹബീബ് റഹ്മാന്‍ കാവനൂര്‍, ജംഷീര്‍ അംജദി പ്രസംഗിച്ചു.