Eranakulam
മയക്കുമരുന്ന് വേട്ട; തീരദേശങ്ങളിൽ പരിശോധന ശക്തമാക്കി
മത്സ്യബന്ധന യാനങ്ങളിലും പരിശോധന
മട്ടാഞ്ചേരി | കടൽ വഴിയുള്ള ലഹരി കടത്തിനെതിരെ തീരദേശ പോലീസ് പരിശോധന ശക്തമാക്കി. നാവിക സേനയും തീരദേശ സേനയും എം ഡി എം എയും ആയുധ കടത്തുമടക്കമുള്ളവ പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. കടൽമാർഗം ലഹരി കടത്ത് വ്യാപകമാകുന്നുവെന്ന് ദേശീയ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പും പരിശോധന കർശനമാക്കാൻ ഇടയാക്കി.
കൊച്ചി തീരദേശവും അഴിമുഖവും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധനകൾ നടത്തിയത്. പുറംകടലിലും വിദേശ കപ്പൽ സഞ്ചാര മേഖലയിലും മത്സ്യബന്ധനം നടത്തുന്ന യാനങ്ങളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.
കടലിൽ ഒരു മാസം വരെ തങ്ങാൻ കഴിയുന്ന, തീരത്ത് നിന്ന് 400 നോട്ടിക്കൽ മൈൽ ദൂരം വരെ സഞ്ചരിച്ച് ശ്രീലങ്ക, പാക്കിസ്ഥാൻ അതിർത്തി ദിശകളിൽ മത്സ്യബന്ധനം നടത്തുന്ന ഗിൽനെറ്റ് ബോട്ടുകളിൽ പ്രധാനമായും പരിശോധന നടന്നു. ട്രോൾ നെറ്റ് ബോട്ടുകൾ, ഇൻബോർഡ് വള്ളങ്ങൾ എന്നിവയിലും തീരദേശ പോലീസ് പരിശോധന നടത്തി.
ബോട്ടുകളുടെ ലൈസൻസ് രേഖകൾ, സുരക്ഷാ സംവിധാനങ്ങൾ, തിരിച്ചറിയൽ രേഖകൾ എന്നിവയും ബോട്ടിലെ അറകളിലും പരിശോധന നടത്തിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. കൊച്ചി തീരദേശ പോലീസ് എസ് ഐ ഗിൽബർട്ട് റാഫേൽ, സി പി ഒ അഫ്സർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.