Editorial
തുറമുഖങ്ങളെ കേന്ദ്രീകരിച്ചാകട്ടെ ലഹരിവേട്ട
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടികൂടുന്ന മയക്കുമരുന്നുകള്‍ ഏറെയും തുറമുഖങ്ങള്‍ വഴിയോ ബോട്ടുകള്‍ വഴിയോ തീരപ്രദേശങ്ങളിലൂടെ എത്തിച്ചേര്‍ന്നവയാണ്. ആ വഴികള്‍ കൊട്ടിയടക്കാനായാല്‍ മയക്കുമരുന്നിന്റെ ഒഴുക്ക് ഗണ്യമായി കുറയും.

ലഹരി വിപത്തിനെതിരായ മോദി സര്‍ക്കാറിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയുണ്ടായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. “ലഹരിമരുന്ന് രഹിത ഇന്ത്യ കെട്ടിപ്പടുക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. ലഹരിമരുന്ന് കടത്തുകാരോട് ഒരു ദയയും കാണിക്കില്ല. മയക്കുമരുന്ന് വ്യാപാരം തടയുന്നതിലും ദേശീയസുരക്ഷ നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. താഴെ നിന്ന് മുകളിലേക്കും മുകളില്‍ നിന്ന് താഴേക്കുമെന്ന രീതിയില്‍ കര്‍ശന അന്വേഷണമാണ് നടക്കുന്നതെ’ന്നും ഷാ പറഞ്ഞു.
രാജ്യത്ത് മയക്കുമരുന്ന് കേസുകള്‍ മുമ്പൊന്നുമില്ലാത്ത വിധം വന്‍തോതില്‍ വര്‍ധിച്ചതായി മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഇതിനനുസൃതമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയരുന്നുവെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സിന്റെ പഠന റിപോര്‍ട്ട്. കുട്ടികള്‍ വരെ വന്‍തോതില്‍ ഉപയോഗിച്ചു വരുന്നതായും മയക്കുമരുന്നുകളുടെ സുലഭമായ ലഭ്യതയാണ് ഇതിനു കാരണമെന്നുമാണ് റിപോര്‍ട്ടിലെ വിലയിരുത്തല്‍. ക്യാമ്പസുകളിലും സ്‌കൂളുകളിലും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്ത കാലത്തായി കാണപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാംലോക രാഷ്ട്രങ്ങളെയാണ് അന്താരാഷ്ട്ര ലഹരി മാഫിയ വിപണിക്കായി പ്രധാനമായും ലക്ഷ്യമിടുന്നത്. വന്‍തോതിലാണ് ഇന്ത്യയിലേക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തുന്നത്. തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയുമാണ് കടത്ത് കൂടുതലും. ലഹരിക്കടത്തിന്റെ എഴുപത് ശതമാനവും കടല്‍മാര്‍ഗമാണെന്നാണ് കണക്ക്. രാജ്യത്തിനകത്ത് വില്‍ക്കുന്നതിനു പുറമെ ശ്രീലങ്ക, മാല ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടത്തുന്നതിനുള്ള ഇടത്താവളമായും ഇന്ത്യന്‍ തീരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്ക, ഉഗാണ്ട, കെനിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മരുന്നിന്റെ വരവ് കൂടുതല്‍. അമിത് ഷായുടെ തട്ടകമായ ഗുജറാത്ത് വഴിയാണ് ലഹരിക്കടത്ത് കൂടുതലെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
ഒരാഴ്ച മുമ്പാണ് ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് മൂന്നര കോടിയോളം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. കളിപ്പാട്ടങ്ങളെന്ന വ്യാജേന അഹമ്മദാബാദ് ശാഹിന്‍ബോഗിലെ പോസ്റ്റോഫീസില്‍ എത്തിയ പാര്‍സലുകള്‍ പരിശോധിച്ചപ്പോള്‍ കഞ്ചാവും എം ഡി എം എയും അടക്കമുള്ള ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. നാല് മാസം മുമ്പാണ്, 2024 നവംബര്‍ മധ്യത്തില്‍- ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് ബ്യൂറോയും നടത്തിയ തിരച്ചിലില്‍ പോര്‍ബന്തര്‍ തീരത്ത് നിന്ന് 700 കിലോ മെതാഫെറ്റമൈന്‍ ലഹരിമരുന്ന് പിടികൂടിയത്. 2024 ഒക്ടോബര്‍ മധ്യത്തില്‍ ഗുജറാത്ത് പോലീസും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഗുജറാത്തിലെ അംഗ്‌ലേശ്വറില്‍ നിന്ന് 5,000 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തു.
2024 ഏപ്രില്‍ 28ന് ഗുജറാത്ത് തീരത്തെ മത്സ്യബന്ധന ബോട്ടില്‍ നിന്ന് 600 കോടിയോളം രൂപ വിലമതിക്കുന്ന 86 കിലോ മയക്കുമരുന്നും 2024 മാര്‍ച്ച് 11ന് പോര്‍ബന്തര്‍ തീരത്ത് നിന്ന് 450 കോടി രൂപ വില വരുന്ന മയക്കുമരുന്നും 2024 ഫെബ്രുവരി അവസാന വാരത്തില്‍ ഗുജറാത്ത് തീരത്ത് വെച്ച് ഒരു ബോട്ടില്‍ നിന്ന് 2,000 കോടിയിലേറെ വില വരുന്ന ലഹരിമരുന്നും പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ നടന്ന 25,000 കോടി വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയതില്‍ 7,303 കോടിയുടേതും (30 ശതമാനം) ഗുജറാത്തില്‍ നിന്നായിരുന്നു. 2024ല്‍ നടന്ന എട്ട് വന്‍ മയക്കുമരുന്ന് വേട്ടയില്‍ നാലും ഗുജറാത്തിലായിരുന്നുവെന്ന് ഫെബ്രുവരി 10ന് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വെളിപ്പെടുത്തിയതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3,958.85 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയതില്‍ 1,187.8 കോടിയുടേതും ഗുജറാത്തില്‍ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാലത്ത് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ലഹരിക്കെതിരായ പടയോട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യമായും ശ്രദ്ധയൂന്നേണ്ടത് ഗുജറാത്തിലാണ്.
മയക്കുമരുന്ന് കടത്തും വില്‍പ്പനയും തടയാന്‍ വന്‍ സംവിധാനങ്ങളുണ്ടായിട്ടും എല്ലാം നിഷ്പ്രഭമാക്കി രാജ്യാന്തര മയക്കുമരുന്ന് ലോബികള്‍ക്ക് ഇന്ത്യയില്‍ പിടിമുറുക്കാന്‍ സാധിക്കുന്നതെന്തുകൊണ്ടാണ്? ഉത്തര്‍ പ്രദേശ് മുന്‍ ഡി ജി പി വിക്രംസിംഗിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. “അഭൂതപൂര്‍വമായ തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടുന്നത് പോലീസിന്റെ വിജയമാണ്. എങ്കിലും രാജ്യത്ത് മയക്കുമരുന്ന് ശൃംഖലകള്‍ ഇത്ര ശക്തമായി പ്രവര്‍ത്തിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുന്നു. ചെയ്തതിനേക്കാള്‍ കൂടുതല്‍ ജോലി പോലീസിന് ഇനിയും ചെയ്യാനുണ്ട്. പിടികൂടിയ മരുന്നുകളെല്ലാം രാജ്യത്തിന്റെ പുറത്ത് നിന്നെത്തുന്നവയാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ മാഫിയ എങ്ങനെ വിജയിക്കുന്നുവെന്ന ചോദ്യം കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നതാണ്. ഇവര്‍ക്ക് രാജ്യത്തിനകത്ത് നിന്ന് പിന്തുണ ലഭിച്ചിരിക്കണം. ഇല്ലെങ്കില്‍ ഇത്ര വലിയ തോതില്‍ മയക്കുമരുന്ന് എത്തുമായിരുന്നില്ല. മയക്കുമരുന്ന് ശൃംഖലക്ക് ലഭിക്കുന്ന ഈ പിന്തുണ കൂടി തകര്‍ക്കേണ്ടതുണ്ട്.’
തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലുമാണ് മയക്കുമരുന്ന് വേട്ടയില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടികൂടുന്ന മയക്കുമരുന്നുകള്‍ ഏറെയും തുറമുഖങ്ങള്‍ വഴിയോ ബോട്ടുകള്‍ വഴിയോ തീരപ്രദേശങ്ങളിലൂടെ എത്തിച്ചേര്‍ന്നവയാണ്. ആ വഴികള്‍ കൊട്ടിയടക്കാനായാല്‍ മയക്കുമരുന്നിന്റെ ഒഴുക്ക് ഗണ്യമായി കുറയും. വിക്രംസിംഗ് സൂചിപ്പിച്ചതു പോലെ, മയക്കുമരുന്ന് ലോബിക്ക് ഒത്താശ ചെയ്യുന്ന ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളെ കണ്ടെത്തി അഴിക്കുള്ളിലാക്കിയെങ്കിലേ ലഹരിവിരുദ്ധ വേട്ട ഫലവത്താകുകയുള്ളൂ.