Kerala
മയക്കുമരുന്ന് കേസ്: പ്രതിക്ക് 11 വര്‍ഷം തടവ്
191 എൽഎസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനും സഹിതം 2022 ഒക്ടോബർ ആറാം തീയതിയാണ് ഷാനിലിനെ പിടികൂടിയത്.
കോഴിക്കോട് | എല്‍എസ്ഡി സ്റ്റാമ്പുകളും മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ പ്രതിക്ക് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി. കണ്ണൂര്‍ കൂത്തുപറമ്പ് കോട്ടയം പൊയിലില്‍ ഷാനിലിനെയാണ് ശിക്ഷിച്ചത്.പ്രതി ഒരു ലക്ഷം രൂപ പിഴയും അടക്കണം. 2022 ഒക്ടോബര്‍ ആറാം തീയതിയാണ് ഷാനിലിനെ കണ്ണൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്.
പ്രതിയില്‍ നിന്നും 191 എല്‍എസ്ഡി സ്റ്റാമ്പുകളും 6.443 ഗ്രാം മെത്താംഫിറ്റമിനുമായിരുന്നു പിടിച്ചെടുത്തത്. കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആയിരുന്ന കെ രാഗേഷ് ആണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ് കെവി ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.