Connect with us

National

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വലിയതോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനെക്കുറിച്ച് ആര്യന്‍ ഖാന്‍ സംസാരിക്കുന്ന ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു.

Published

|

Last Updated

മുംബൈ| ലഹരിമരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് ആവശ്യം. ആര്യന്‍ ഖാനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വലിയതോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനെക്കുറിച്ച് ആര്യന്‍ ഖാന്‍ സംസാരിക്കുന്ന ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. ചാറ്റുകളില്‍ ചില കോഡ് വാക്കുകളില്‍ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവര്‍ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളില്‍ അന്താരാഷ്ട്ര റാക്കറ്റുകള്‍ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു. ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത അന്വേഷണ ഏജന്‍സി, നടി റിയാ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓര്‍മ്മിപ്പിച്ചു.

അതേസമയം, ജാമ്യാപേക്ഷയുമായി ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചു. ആര്യന്‍ ക്ഷണിതാവായി മാത്രമാണ് കപ്പലില്‍ എത്തിയത്. ലഹരി മരുന്ന് ആര്യന്റെ കൈവശം കണ്ടെത്തിയിട്ടില്ല. സുഹൃത്തായ അബ്ബാസില്‍ നിന്നാണ് 6 ഗ്രാം ചരസ് കണ്ടെടുത്തത്. ഇതൊരു കുറഞ്ഞ അളവ് മാത്രമാണ്. റെയ്ഡില്‍ മറ്റു ലഹരി വസ്തുക്കള്‍ പിടിച്ചത് മറ്റുള്ള യാത്രക്കാരില്‍നിന്നാണ്. ഇവരുമായി ആര്യന് ബന്ധമില്ല. വിദേശത്തുനിന്നു നടത്തിയ വാട്‌സാപ്പ് ചാറ്റിംഗിന്റെ പേരില്‍ ഇപ്പോള്‍ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ആര്യന്‍ ഖാന്‍ അടക്കം പിടിയിലായ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിയില്‍ മലയാളിയുടെ ഇടപെടലും ഉണ്ടെന്ന വിവരം പുറത്തുവന്നു. പാര്‍ട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കിയ ശ്രേയസ് നായര്‍ എന്നയാള്‍ എന്‍സിബി കസ്റ്റഡിയിലാണ്. ഇയാള്‍ ആര്യന്‍ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

 

Latest