Kerala
25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്; ഇറാനിയന്‍ പൗരനെ വെറുതെവിട്ടു
ഇറാനിയന്‍ പൗരന്‍ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഏക പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി.
കൊച്ചി | കൊച്ചി തീരത്തു നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്നുമായി പിടിയിലായ ഇറാനിയന്‍ പൗരനെ വെറുതെ വിട്ടു.
ഇറാനിയന്‍ പൗരന്‍ സുബൈര്‍ ദെരക് ഷാന്‍ദേയെ (29) വിചാരണ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഏക പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് കോടതി. സുബൈറിനെ വെറുതെ വിട്ടത് പ്രതിയെ അറസ്റ്റ് ചെയ്ത നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)വിന് തിരിച്ചടിയായി.
ഓപറേഷന്‍ സമുദ്രഗുപ്തയുടെ ഭാഗമായി അറബിക്കടലില്‍ നാവികസേനയും എന്‍ സി ബിയും നടത്തിയ റെയ്ഡിലാണ് രാസലഹരിമരുന്ന് പിടികൂടിയത്. ലഹരിമരുന്ന് എത്തിച്ച സുബൈറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ലഹരിപദാര്‍ഥ നിരോധന നിയമപ്രകാരം (എന്‍ ഡി പി എസ്) വന്‍തോതിലുള്ള ലഹരിക്കടത്ത്, ലഹരി കടത്താനുള്ള ശ്രമം, ഗൂഢാലോചന എന്നിവയിലേതെങ്കിലും ഇന്ത്യയ്ക്കകത്ത് ചെയ്യുമ്പോള്‍ പ്രതികള്‍ക്കെതിരെ ചുമത്തുന്ന എന്‍ ഡി പി എസ് 28, 29 വകുപ്പുകളാണു പിടിയിലായ സുബൈറിനെതിരെ എന്‍ സി ബി ചുമത്തിയത്. കപ്പല്‍ മുക്കിയ ശേഷം പ്രതി സുബൈര്‍ കടന്നുകളയാന്‍ ശ്രമിച്ച ചെറുബോട്ടില്‍ ജി പി എസ് സംവിധാനമുണ്ടായിരുന്നു. ഏകദേശം 5,000 കിലോഗ്രാമിലധികം രാസലഹരിമരുന്നുമായി നീങ്ങിയ പേരില്ലാത്ത സമുദ്രയാനത്തിന്റെ നിറം തവിട്ടില്‍ നീലയും ചുവപ്പും വരകളുള്ളതാണെന്നും ഇറാനിലെ ചാബഹാര്‍ തുറമുഖത്തു നിന്നാണ് ലഹരി കടത്തിക്കൊണ്ടുവന്നതെന്നും റിമാന്‍ഡ് റിപോര്‍ട്ടിലുണ്ട്.
നാവിക സേനയുടെ സമുദ്രഗുപ്ത ഓപറേഷനിലാണ് ലഹരിക്കടത്ത് പിടികൂടിയത്. പാക്കിസ്ഥാന്‍ ലഹരി വ്യാപാരിക്കു വേണ്ടിയാണു ജോലി ചെയ്യുന്നതെന്നു പിടിയിലായ സുബൈര്‍ മൊഴി നല്‍കിയിരുന്നു.