Connect with us

From the print

മരുന്ന് നിർമാണത്തിന്റെ മറവിൽ രാസലഹരി ഇടപാട്

തടയാനാകുന്നില്ലെന്ന് ഇന്റലിജൻസ്

Published

|

Last Updated

കൊച്ചി| മരുന്ന് നിർമാണത്തിന്റെ മറവിൽ രാസലഹരി ഇടപാട് വ്യാപകമാണെന്നും തടയൽ ദുഷ്‌കരമെന്നും കേന്ദ്ര ഏജൻസികൾ. രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫാക്ടറികളിൽ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ രഹസ്യ കയറ്റുമതി ക്രമാതീതമായി വർധിച്ചു. മാരക മയക്കുമരുന്നായ മെത്താഫെറ്റാമൈൻ പിടിച്ചെടുക്കുന്നതിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നാലിരട്ടിയുടെ വർധനവുണ്ടായിട്ടുണ്ട്.

ആഭ്യന്തരതലത്തിൽ ഇവയുടെ അനധികൃതമായ ഉത്പാദനം വലിയ തോതിൽ വർധിച്ചതായും ഡി ആർ ഐ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര- സംസ്ഥാന ഏജൻസികൾ കിണഞ്ഞ് പരിശ്രമിച്ചിട്ടും രാസലഹരിയുടെ വ്യാപനം തടയാനാവുന്നില്ലെന്നാണ് സമീപകാലത്തെ മയക്കുമരുന്ന് കേസുകൾ തെളിയിക്കുന്നത്. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പുറത്തിറക്കിയ റിപോർട്ടിൽ ഈ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടുന്നു.
കഞ്ചാവ്, ചരസ്, കൊക്കെയ്ൻ എന്നിവയുടെ സ്ഥാനം ഇപ്പോൾ രാസലഹരികൾ കൈയടക്കി. കഴിഞ്ഞ വർഷങ്ങളിൽ മറ്റ് തരത്തിലുള്ള മയക്കുമരുന്നുകൾ രാജ്യത്തുടനീളം വ്യാപകമായി പിടിച്ചെടുത്തെങ്കിലും രാസലഹരിയുടെ കാര്യത്തിൽ അതിന് കഴിയുന്നില്ല. മെത്താഫെറ്റാമൈൻ, എം ഡി എം എ, എൻ പി എസ് തുടങ്ങിയ രാസലഹരികൾ വടക്കുകിഴക്കൻ അതിർത്തിയിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതലായി കടത്തുന്നത്. കുറഞ്ഞ ഉത്പാദന സമയം, വഴക്കം, എളുപ്പത്തിൽ ലഭിക്കുന്ന രാസ നിക്ഷേപം എന്നീ ഘടകങ്ങൾ ഇവയുടെ വ്യാപനത്തിന് സഹായകരവും നിർവഹണ ഏജൻസികൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതുമാണ്. താഴ്ന്ന – ഇടത്തരം വരുമാനമുള്ള രാജ്യങ്ങളാണ് പ്രധാന രാസലഹരി ഉത്പാദകർ.
അതിനിടെ, രാജ്യത്താകമാനം തപാലിലൂടെ ലഹരിവസ്തുക്കൾ അയക്കുന്ന മാഫിയ പിടിമുറുക്കുകയാണെന്നാണ് വിലയിരുത്തൽ. പാഴ്‌സലുകൾ സ്‌കാൻ ചെയ്യാൻ തപാൽ വകുപ്പിന് സംവിധാനമില്ലെന്ന വസ്തുത മുതലാക്കിയാണ് ഇവരുടെ പ്രവർത്തനം. ഫോണിലൂടെ ഓർഡറെടുത്ത് ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളിലൂടെയും ക്രിപ്‌റ്റോ കറൻസിയിലൂടെയും പ്രതിഫലം സ്വീകരിക്കും. തപാലിൽ മേഘാലയയിലെ ഷില്ലോംഗിൽ നിന്ന് തപാൽ മാർഗമെത്തിച്ച 4.70 കിലോ കഞ്ചാവ് പോസ്റ്റ് ഓഫീസിൽ നിന്ന് ഒപ്പിട്ട് കൈപ്പറ്റുന്നതിനിടെ ജിംനേഷ്യം പരിശീലകൻ തൃശൂരിൽ അറസ്റ്റിലായിരുന്നു. ഏഴ് മാസം മുന്പാണ് അഞ്ച് കിലോ കഞ്ചാവുമായി ഇതേ ജിംനേഷ്യത്തിന്റെ ഉടമ അറസ്റ്റിലായത്. ഷില്ലോംഗിലെ വൻ കഞ്ചാവ് റാക്കറ്റ് തപാലിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും കഞ്ചാവും ഹഷീഷും ഹെറോയിനും കടത്തുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയാണ് ലഹരിമരുന്ന് രാജ്യമൊട്ടാകെ കൊണ്ടുവരുന്നത്. സമീപ വർഷങ്ങളിൽ വിവിധതരം മയക്കുമരുന്നുകളുടെ ലഭ്യതയിലും ഉപയോഗത്തിലും രാജ്യത്ത് ഗണ്യമായ വർധവുണ്ടായിട്ടുണ്ട്.

ഇതിൽ കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, കറുപ്പ് തുടങ്ങിയ പരമ്പരാഗത മരുന്നുകളും മെത്താഫെറ്റാമൈൻ, എം ഡി എം എ (സാധാരണയായി എക്സ്റ്റസി എന്നറിയപ്പെടുന്നു) പോലുള്ള സിന്തറ്റിക് മരുന്നുകളും ആഗോളതലത്തിൽ ഉയർന്നുവന്ന ചില പുതിയ സൈക്കോ ആക്റ്റീവ് ലഹരി വസ്തുക്കളും (എൻ പി എസ്) ഉൾപ്പെടുന്നു. ഈ വസ്തുക്കളുടെ വൈവിധ്യവും വീര്യവും ഉപയോക്താക്കൾക്ക് കാര്യമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുകയും നിയമ നിർവഹണ ഏജൻസികളുടെ ശേഷിയെ വെല്ലുവിളിക്കുകയും ചെയ്യുകയാണ്. ഫെന്റനൈൽ പോലുള്ള സിന്തറ്റിക് ഒ പിയോയിഡുകളുടെ വർധന വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് ഡി ആർ ഐ ചൂണ്ടിക്കാട്ടുന്നു.