Connect with us

Kerala

ലഹരി മുക്ത കേരളം: ക്യാമ്പസുകളിൽ പ്രത്യേക സേന രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

ബോധവത്ക്കരണ പരിപാടികൾക്ക് കലാലയങ്ങളിൽ തുടക്കം

Published

|

Last Updated

തൃശൂർ | ലഹരി മുക്ത കേരളത്തിനായി എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക സേന ക്യാമ്പസുകളിൽ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ലഹരി മുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേത്യത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പസുകൾ ലഹരിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ തുടക്കം കുറിക്കും. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്ന ജീവനി കൗൺസിലിംഗ് എയ്ഡഡ് കോളേജുകളിൽ വ്യാപിപ്പിക്കും. ഹോസ്റ്റൽ വാർഡൻമാരെ ഉൾപ്പെടുത്തി ശ്രദ്ധ എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കുന്നതിന് ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കും. എക്സൈസ്, പൊലീസ്, ആരോഗ്യം വകുപ്പുകളെയും സമിതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

മുക്തധാര – ഡ്രഗ് ഫ്രീ കാമ്പസ് പദ്ധതികളുടെ പ്രഖ്യാപനവും വിമുക്തി സന്ദേശവും ലഹരി വിരുദ്ധ പ്രതിജ്ഞയും മന്ത്രി നിർവഹിച്ചു. കലാപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തമുണ്ടാക്കി ലഹരിവിപത്തടക്കമുള്ള ദുഷ്പ്രവണതകൾക്ക് എതിരെ സാംസ്കാരിക പ്രതിരോധമുയർത്തുന്നതാണ് ‘മുക്തധാര: ഡ്രഗ് ഫ്രീ ക്യാമ്പസ്’ പദ്ധതി.

ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികൾക്കാണ് എല്ലാ കലാലയങ്ങളിലും തുടക്കമായത്. വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാൻ തീവ്രയജ്ഞ പരിപാടികൾ, കലാലയങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കൽ, വിളംബര ജാഥകൾ, ലഹരി വിരുദ്ധ ക്യാംപയിന്‍, വിമുക്തി ക്ലബ്ബുകൾ, ലഹരി വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളുടെ സോഷ്യല്‍ മീഡിയ പ്രചരണം, ലഹരി വിരുദ്ധ കവിത – കഥ രചനാ മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർവഹിച്ചത്. ചടങ്ങ് തത്സമയം എല്ലാ ക്യാമ്പസുകളിലും സംപ്രേഷണം ചെയ്തു.

ശ്രീകേരളവർമ്മ കോളേജ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനായി. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ.അഭിലാഷ് പിള്ളയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം എന്ന ആശയത്തെ അടിസ്ഥാനമാക്കി നാടകാവതരണം നടന്നു.

കോളേജിയറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോജോ മോൻ, ജില്ലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു, സംസ്ഥാന എൻഎസ്എസ് കോർഡിനേറ്റർ ഡോ.ആർ എൻ അൻസർ, 24 കെ ബറ്റലിയൻ കമാന്റിംഗ് ഓഫീസർ കേണൽ സുരേഷ് നാരായണൻ, കൗൺസിലർമാരായ പി സുകുമാരൻ,
ഡോ.വി ആതിര, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എൻ കണ്ണൻ, അധ്യാപകർ
എൻഎസ്എസ് വളണ്ടയിർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.