From the print
കൊച്ചിയിലെ മയക്കു മരുന്ന് വേട്ട; അന്വേഷണം ഡല്‍ഹിയിലേക്ക്
3,287 ഗ്രാം കൊക്കെയിനാണ് ടാന്‍സാനിയന്‍ സ്വദേശികളായ ഒമാരി അതുമാനി ജോംഗോ, വെറോണിക്ക എന്നിവര്‍ വയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 40 കോടിയുടെ മയക്കുമരുന്ന് ശേഖരവുമായി വിദേശ ദമ്പതികളെ പിടികൂടിയ കേസില്‍ അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുന്നു. ടാന്‍സാനിയന്‍ സ്വദേശികളായ ഒമാരി അതുമാനി ജോംഗോ, വെറോണിക്ക എന്നിവര്‍ ഒരാഴ്ച മുമ്പാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ഇരുവരും ചേര്‍ന്ന് 3,287 ഗ്രാം കൊക്കെയിനാണ് വയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. എത്യോപ്യയില്‍ നിന്ന് ദോഹ വഴിയാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഇവിടെ നിന്ന് ഡല്‍ഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കൈവശമുണ്ടായിരുന്നു.
മയക്കുമരുന്ന് ഡല്‍ഹിയില്‍ കൈമാറാനായിരുന്നു പദ്ധതിയെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്നാണ് ഡി ആര്‍ ഐയുടെ അന്വേഷണം ഡല്‍ഹിയിലേക്ക് നീട്ടുന്നത്. പ്രതികളുമായി വാട്സ്ആപ്പില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മയക്കുമരുന്ന് സ്വീകരിക്കാനെത്തുന്നവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് പിടിയിലായവര്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമാക്കുന്നത്. ഇവരില്‍ നിന്ന് ലഭിച്ച മറ്റ് ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.