Kerala
കോവൂരില്‍ രാത്രികാല കടകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു മാഫിയ; ഡി വൈ എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കോവൂര്‍ ഇരിങ്ങാടന്‍പിള്ളിയിലാണ് രാത്രികാല കടകള്‍ക്കെതിരായ ഡി വൈ എഫ്ഐ പ്രതിഷേധം നടന്നത്

കോഴിക്കോട് | രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം അക്രമാസക്തമായി.
കോവൂര്‍ ഇരിങ്ങാടന്‍പിള്ളിയിലാണ് രാത്രികാല കടകള്‍ക്കെതിരായ ഡി വൈ എഫ്ഐ പ്രതിഷേധം നടന്നത്. മാഫിയയെ അണിനിരത്തി പ്രതിഷേധക്കാരെ നേരിടാന്‍ ശ്രമം നടന്നതായി ആരോപിച്ച് കടകള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. രാത്രികാല കടകളുടെ മറവില്‍ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ ആരോപിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാനപ്പെട്ട റോഡാണ് കോവൂര്‍ ബൈപ്പാസ്. ഈ റോഡില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ രാത്രികാല കച്ചവടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അശ്വിനെ കച്ചവടക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡില്‍ രാത്രികാലത്ത് നിരവധി കടകളാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കുന്ന കടകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകള്‍ പെട്ടെന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. രാത്രി 12 മണി വരെയെങ്കിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.