Connect with us

Editorial

മരുന്ന് ക്ഷാമം പരിഹരിക്കണം

പകര്‍ച്ച വ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നതെങ്കിലും സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചികിത്സാ രംഗത്തും പ്രതിഫലിക്കുന്നുണ്ട്.

Published

|

Last Updated

ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാമതാണ് കേരളം. ആരോഗ്യ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ എണ്ണിപ്പറയാനുണ്ട് സര്‍ക്കാറിന്. എങ്കിലും മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിച്ച് രോഗികള്‍ നിറഞ്ഞു കവിയുകയാണ് ആശുപത്രികളിലുടനീളം. വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, മസ്തിഷ്‌ക ജ്വരം, മഞ്ഞപ്പിത്തം, കോളറ തുടങ്ങി വിവിധ തരം പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ടനുസരിച്ച് 12,204 പേരാണ് വെള്ളിയാഴ്ച മാത്രം പനി ബാധിച്ച് സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. പതിനൊന്ന് പനി മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ട് ലക്ഷത്തോളം പേരാണ് രണ്ടാഴ്ചക്കിടെ ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്.

മഴക്കാലമായാല്‍ എല്ലാ വര്‍ഷവും രോഗങ്ങളുടെ പിടിയില്‍ അമരുന്നു സംസ്ഥാനം. ശുചിത്വത്തിന്റെ കാര്യത്തിലുള്ള അശ്രദ്ധയാണ് പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന മുഖ്യകാരണം. മഴ ശക്തമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്തുന്നത് ജലം വഴിയുള്ള രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. മലിനമായ വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് മഞ്ഞപ്പിത്തം പടര്‍ത്തുന്ന ഹെപ്പറ്റൈറ്റീസ് ബി വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനായി വര്‍ഷം തോറും മഴക്കാലത്തിനു തൊട്ടു മുമ്പേ ശുചീകണ യജ്ഞങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. ഇതാണ് ഇത്തവണ പകര്‍ച്ച വ്യാധികള്‍ പൂര്‍വോപരി ശക്തമാകാനിടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം സര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമല്ല ശുചിത്വം. മലിനരഹിത അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പൗന്മാര്‍ക്ക് കൂടി ബാധ്യതയുണ്ട്. വ്യക്തിശുചിത്വത്തിലും താമസ സ്ഥലത്തിന്റെ ശുചിത്വത്തിലുമെന്ന പോലെ പരിസര ശുചിത്വത്തിലും ശ്രദ്ധിക്കേണ്ടതുണ്ട് ഓരോ പൗരനും. വ്യക്തിശുചിത്വത്തില്‍ അതീവ ശ്രദ്ധാലുവായ പലര്‍ക്കും ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ റോഡുകളിലോ ജലസ്രോതസ്സുകളിലോ വലിച്ചെറിയുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാറില്ല. മാത്രമല്ല, മലിനീകരണത്തിനും ശുചിത്വക്കുറവിനും സര്‍ക്കാറിനെയും തദ്ദേശസ്ഥാപനങ്ങളെയും കുറ്റപ്പെടുത്തുകയും ചെയ്യും. വ്യക്തിശുചിത്വത്തിനൊപ്പം പരിസര ശുചിത്വം, സാമൂഹിക ശുചിത്വവുമെല്ലാം ചേര്‍ന്നതാണ് യഥാര്‍ഥ ശുചിത്വം. ഇക്കാര്യത്തില്‍ പൗരന്മാര്‍ ശ്രദ്ധ വെച്ചാല്‍ പകര്‍ച്ച വ്യാധികള്‍ വലിയൊരളവില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

പകര്‍ച്ച വ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണെന്നാണ് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നതെങ്കിലും സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചികിത്സാ രംഗത്തും പ്രതിഫലിക്കുന്നുണ്ട്. മരുന്ന് കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപ കുടിശ്ശിക വന്നതോടെ പല കമ്പനികളും മരുന്ന് നല്‍കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതിനാല്‍ ആശുപത്രി ഫാര്‍മസികളില്‍ ആവശ്യത്തിന് മരുന്നില്ല. മെഡിക്കല്‍ കോളജുകളില്‍ വരെ പുറത്തേക്ക് ശീട്ടെഴുതിക്കൊടുക്കുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ബി വാക്‌സീനാണ് ആശുപത്രികളില്‍ മഞ്ഞപ്പിത്തത്തിന് നല്‍കിവരുന്ന മുഖ്യചികിത്സ. ഈയിടെയായി ഈ വാക്‌സീന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. മാര്‍ച്ച് മുതലാണ് ക്ഷാമം തുടങ്ങിയത്. ഇത് മഞ്ഞപ്പിത്ത ചികിത്സയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മൂലം കമ്പനികള്‍ നിര്‍മാണം നിര്‍ത്തിവെച്ചതാണ് വാക്‌സീന്‍ ക്ഷാമത്തിനു കാരണമെന്നാണ് വിവരം. സംസ്ഥാനത്ത് പ്രതിരോധ വാക്‌സീന്‍ പ്രവര്‍ത്തനത്തിലൂടെ ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായതോടെ വാക്‌സീനുകളുടെ ആവശ്യകത കുറഞ്ഞിരുന്നു. ഇത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ മരുന്ന് വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ കൃത്രിമമായി സൃഷ്ടിച്ചതാണ് മരുന്ന് ക്ഷാമമെന്നും പറയപ്പെടുന്നു.

മഞ്ഞപ്പിത്ത രോഗികള്‍ക്കു പുറമെ നവജാത ശിശുക്കള്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്ത് പോകുന്നവര്‍ക്കും നല്‍കാറുണ്ട് ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന്‍. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് മിതമായ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറക്കാന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നടപടി സ്വീകരിച്ചത് രണ്ട് മാസം മുമ്പാണ്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സീന്റെ കാര്യത്തില്‍ സമാനമായ തീരുമാനമെടുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം.

സ്വയം ചികിത്സ നടത്തുന്നവരാണ് സമൂഹത്തില്‍ നല്ലൊരു പങ്കും. പകര്‍ച്ച വ്യാധികളുടെ കാലത്ത് പ്രത്യേകിച്ചും. പനി വന്നാല്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങിക്കഴിക്കുന്നവര്‍ ഏറെയുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വലിയ അളവില്‍ മരുന്നുകള്‍ വിറ്റുപോകുന്നതായി മെഡിക്കല്‍ ഷോപ്പുകാര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. പനിക്കും പകര്‍ച്ച വ്യാധികള്‍ക്കുമുള്ള സ്വയം ചികിത്സ രോഗലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടമാകാതിരിക്കാനും ശരീരത്തിനുള്ളില്‍ അണുബാധ മൂര്‍ച്ഛിച്ചു രോഗം ഗുരുതരമാകാനും ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മരുന്ന് ഷാപ്പുകളില്‍ നിന്ന് നേരിട്ടു വാങ്ങുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം കുടലില്‍ രക്തസ്രാവത്തിന് സാധ്യതയുമുണ്ട്.

മാത്രമല്ല, പാരസെറ്റാമോള്‍ പോലുള്ള ചില മരുന്നുകള്‍ കൃത്യമായ അളവില്ലാതെ സേവിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും വൃക്കസ്തംഭനത്തിന് വരെ ഇടയാക്കുകയും ചെയ്യും. രോഗശമനത്തിനു പകരം ഗുരുതര രോഗത്തിലേക്ക് നയിക്കുകയായിരിക്കും സ്വയം ചികിത്സയുടെ ഫലം.

Latest