Kerala
കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; താന്‍സാനിയ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍
സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയം

കല്‍പ്പറ്റ | കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വിദേശ പൗരനെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി. താന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണാണ് രാത്രിയോടെ അന്വേഷണ സംഘമായ വയനാട് പോലീസിന്റെ പിടിയിലായത്. ഡാന്‍സാഫ് സംഘത്തിന്റെ സഹായത്തോടെയായിരുന്നു തിരിച്ചിൽ.
കഴിഞ്ഞ മാസം മുത്തങ്ങയില്‍ നിന്ന് എം ഡി എം എയുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളിലേക്ക് പോലീസ് എത്തിയത്. ബെംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ഥിയായ ഇയാളുടെ കൈയില്‍ നിന്ന് 100 ഗ്രാം എം ഡി എം എ എന്ന് സംശയിക്കുന്ന വസ്തുവും പിടികൂടിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്കായി ഇത് ലാബിലേക്ക് അയച്ചു. അനധികൃത മാര്‍ഗങ്ങളിലൂടെയാണ് ഇയാള്‍ പണമിടപാടുകള്‍ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഘത്തില്‍ കൂടുതല്‍ പേരുണ്ടാകാമെന്നാണ് പോലീസ് അനുമാനം. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ ചുരുളഴിയുമെന്നാണ് കരുതുന്നത്.