National
വിദേശത്തേക്ക് കോടിക്കണക്കിന് രൂപയുടെ ലഹരിക്കടത്ത്; ഒളിവിലായിരുന്ന ഡിഎംകെ മുന്‍ നേതാവ് പിടിയില്‍
ലഹരിക്കടത്തിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗിനും സിനിമാ നിര്‍മ്മാണത്തിനും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍
ന്യൂഡല്‍ഹി | വിദേശത്തേക്ക് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കടത്തിയ സംഘത്തിന്റെ തലവനും ഡിഎംകെ മുന്‍ നേതാവുമായ ജാഫര്‍ സാദിഖ് പിടിയില്‍. സിനിമ നിര്‍മാതാവ് കൂടിയായ ഇയാളെ രാജസ്ഥാനില്‍ ഒളിവില്‍ കഴിയവെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്തത്.
ഓസ്‌ട്രേലിയ, ന്യുസീലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് 3500 കോടി രൂപയുടെ ലഹരി മരുന്ന് ജാഫറിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയതായി എന്‍സിബി അറിയിച്ചു. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഇത്രയും ലഹരിമരുന്നുകള്‍ സംഘം കടത്തിയത്.45 പാഴ്‌സലുകളിലായി 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചതായി എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിംഗ് പറഞ്ഞു. നാളികേരത്തിലും ഡ്രൈ ഫ്രൂട്ടിലും ഒളിപ്പിച്ചാണ് സ്യൂഡോഫെഡ്രിന്‍ വിദേശത്തേക്ക് കടത്തിയത്.
ലഹരിക്കടത്തിലൂടെ ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗിനും സിനിമാ നിര്‍മ്മാണത്തിനും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍ . തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പല പ്രമുഖര്‍ക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് ജാഫര്‍ മൊഴി നല്‍കിയതായും എന്‍സിബി പറഞ്ഞു.