Kerala
ലഹരിക്കടത്ത് കേസ്: സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം.
ആലപ്പുഴ| ലഹരിക്കടത്ത് കേസില്‍ സി പി എം കൗണ്‍സിലര്‍ ഷാനവാസിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളിലാണ് അന്വേഷണം. സിപിഎം പ്രാദേശിക നേതാക്കളും ഷാനവാസിനെതിരെ പരാതി നല്‍കിയ കൂട്ടത്തിലുണ്ട്. വന്‍ റാക്കറ്റാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് പരാതികളിലെ ആരോപണം. ആലപ്പുഴ കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണം ഇതിന്റെ ഭാഗമായുണ്ട്. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട റാക്കറ്റിന് പൊലീസ് സഹായം ലഭിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഷാനവാസിന്റെ ആസ്തികള്‍, സാമ്പത്തിക ഇടപാടുകള്‍, ലഹരി, ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധം എന്നിവ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. അതേസമയം ഷാനവാസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന കൊല്ലം കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായ ജയനെ പൊലീസിന് കണ്ടെത്താനായില്ല.