Kerala
ഡാര്‍ക്ക് വെബ് വഴിയും കേരളത്തിലേക്ക് ലഹരി കടത്ത്
25 ഓളം പേരെക്കുറിച്ച് സൂചന

പാലക്കാട് | ഡാര്‍ക്ക് വെബ് വഴി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി കണ്ടെത്തി. എക്‌സൈസ്, പോലീസ് സൈബല്‍ സെല്ലുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കേരളത്തിലേക്കും എത്തുന്നതായി സൂചന ലഭിച്ചത്. കേരളത്തിന് പുറമെ ബെംഗളൂരു ഉള്‍പ്പെടെയുള്ള വിവിധ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഡാര്‍ക്ക് വെബ് മയക്കുമരുന്ന് കടത്തുകാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി.
ഇത്തരത്തില്‍ മയക്കു മരുന്ന് കടത്തുന്ന 25 ഓളം പേരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഐ ടി പ്രൊഫഷനലുകാര്‍, സാങ്കേതിക വിഗ്ധരായ യുവാക്കള്‍, സമ്പന്ന പശ്ചാത്തലത്തിലുള്ളവര്‍ തുടങ്ങിയവരാണ് കടത്തിന് പിന്നിലെന്നാണ് സൈബല്‍ സെല്‍ അധികൃതര്‍ നല്‍കുന്ന സൂചന. ഡാര്‍ക്ക് വെബില്‍ വില്‍പ്പനക്കാരും വാങ്ങുന്നവരും മയക്കുമരുന്നിന്റെ ലഭ്യത സംബന്ധിച്ച് വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. കരാര്‍ ഉറപ്പിച്ച് പണം കൈമാറ്റം ചെയ്തുകഴിഞ്ഞാല്‍ ലഹരി മരുന്ന് കൊറിയര്‍ വഴി വീട്ടിലെത്തും.
തിരിച്ചറിഞ്ഞ 25 പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാം ബേങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇടപാട് നടത്തിയിട്ടുള്ളത്. ഒരു കേസില്‍ ക്രിപ്‌റ്റോ കറന്‍സിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ആഭ്യന്തര റാക്കറ്റുകള്‍ വഴിയാണ് കടത്തുകാര്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഓണ്‍ലൈന്‍ വഴി കച്ചവടക്കാര്‍ ചെറിയ അളവില്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഹരി മരുന്ന് വില്‍ക്കുന്നത്. നിലവില്‍ കേരളത്തിലേക്ക് വലിയതോതില്‍ മയക്കുമരുന്ന് കടത്തുന്നില്ല. ചെറുഭാഗം മാത്രമാണ് കേരളത്തിലേക്ക് വരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
റോഡ്, ട്രെയിന്‍, വിമാനം വഴി മയക്കുമരുന്ന് കടത്ത് തടയാന്‍ പരിശോധന ശക്തമാക്കിയ സാഹചര്യത്തില്‍ ഡാര്‍ക്ക് വെബ് വഴി വ്യാപാരം വര്‍ധിക്കുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ട് കൊറിയര്‍ സര്‍വീസ് സെന്ററുകളിലടക്കം എക്‌സൈസ്, പോലീസ് പരിശോധനകള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.