Kerala
ഡ്രഗ്‌സ്, സൈബര്‍ ക്രൈം: ജനകീയ പ്രതിരോധം ആവശ്യപ്പെട്ട് എസ് എസ് എഫ് സമരഘോഷം
ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കുള്ള മാര്‍ച്ചില്‍ വിദ്യാര്‍ഥി പ്രതിഷേധമിരമ്പി
മലപ്പുറം | ‘ഡ്രഗ്‌സ്, സൈബര്‍ ക്രൈം: അധികാരികളേ, നിങ്ങളാണ് പ്രതി’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി ലഹരിക്കെതിരെ ജനകീയ പ്രതിരോധം ആവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാനത്തുടനീളം ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 14 ജില്ലകൾക്ക് പുറമെ നീലഗിരിയിലും പ്രതിഷേധമിരമ്പി.
സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്നതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉത്തരവാദിത്വമുണ്ടെന്നും സാമൂഹിക രംഗത്തും ആരോഗ്യരംഗത്തും ലഹരി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവരണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.
വ്ളോഗര്‍മാരും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും ലഹരിക്കെതിരെ ശക്തമായി പ്രതികരിക്കണം. കാലോചിതവും ശാസ്ത്രീയവുമായ പാരന്റിംഗ് പ്രായോഗികമാക്കാന്‍ രക്ഷിതാക്കളും ശ്രമിക്കണം. വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും ധാര്‍മികമൂല്യങ്ങളും പരിശീലിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ലഹരിക്കെതിരെ എങ്ങനെയെല്ലാം പ്രതികരിക്കാമെന്ന് സ്വയം മനസ്സിലാക്കി രംഗത്തിറങ്ങണം. തുടങ്ങിയ ആവശ്യങ്ങളും എസ് എസ് എഫ് മുന്നോട്ട് വെച്ചു.
മീഡിയകളും ഭരണാധികാരികളും നിയമപാലകരും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ലഹരിക്കെതിരെയുള്ള മുന്നേറ്റത്തില്‍ കൂടെയുണ്ടാവണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവികൾക്ക് എസ് എസ് എഫ് നിവേദനം സമര്‍പ്പിച്ചു.
മലപ്പുറം ജില്ല ഈസ്റ്റ്, വെസ്റ്റ് ഘടകങ്ങള്‍ സംയുക്തമായി എസ് പി ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ചു. എസ് പി ഓഫീസിനു മുന്നില്‍ സമാപിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജന. സെക്രട്ടറി ഡോ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ മുഹമ്മദ് പറവൂര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബുറഹ്മാന്‍ അഭിവാദ്യമര്‍പ്പിച്ചു. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ ജാഫര്‍ ശാമിര്‍ ഇര്‍ഫാനി, മുശ്താഖ് സഖാഫി, പി ടി മുഹമ്മദ് അഫ്‌ളല്‍ , ടി എം ശുഹൈബ്, അഡ്വ. അബ്ദുല്‍ മജീദ് സംസാരിച്ചു.
ലഹരി വ്യാപനത്തിനെതിരെ ഗ്രാമങ്ങളില്‍ പ്രക്ഷോഭ തെരുവ്, തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ, വീടുകളില്‍ ബോധവത്കരണ ലഘുലേഖ വിതരണം തുടങ്ങി 50 ഇന കര്‍മ പദ്ധതികള്‍ കാമ്പയിൻ്റെ ഭാഗമായി എസ് എസ് എഫ് വിവിധ ഘടകങ്ങളില്‍ നടപ്പാക്കി വരികയാണ്.