National
നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയയില്‍ 33.24 കോടിയുടെ മയക്ക്മരുന്ന് പിടികൂടി
8.63 കോടി രൂപയും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഷില്ലോങ് | നാളെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ കോടികളുടെ മയക്കുമരുന്ന് വേട്ട. 33.24 കോടി രൂപയുടെ മയക്കുമരുന്നും 8.63 കോടി രൂപയും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 91 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങള്‍, 2.54 കോടിയുടെ മദ്യം, 27.37 കോടി രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയാണ് ഇന്ന് പിടികൂടിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ജനുവരി 18 മുതല്‍ ഇതുവരെ ആകെ 72.70 കോടി രൂപയുടെ വസ്തുക്കള്‍ സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്തതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എഫ്ആര്‍ ഖാര്‍കോന്‍ഗോര്‍ അറിയിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. മേഘാലയയില്‍ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളില്‍ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. 36 വനിതകള്‍ ഉള്‍പ്പെടെ 369 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.