Connect with us

Kerala

കടലിലെ ലഹരി വേട്ട: രക്ഷപ്പെട്ടവര്‍ക്കായി ആന്‍ഡമാനില്‍ തിരച്ചില്‍

പിടിയിലായ പാക് സ്വദേശി, 'ഹാജി സലിം' എന്ന ലഹരി മാഫിയയിലെ കണ്ണിയാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സ്ഥീരികരിച്ചിട്ടുണ്ട്. ഇയാള്‍ കാരിയറാണ്.

Published

|

Last Updated

കൊച്ചി | പുറംകടലിലെ ലഹരിമരുന്ന് വേട്ടക്കിടെ കപ്പലില്‍ നിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടവര്‍ ആന്‍ഡമാന്‍ ദ്വീപിലേക്ക് കടന്നതായി വിവരം. ഇതേ തുടര്‍ന്ന് ആന്‍ഡമാന്‍ ദ്വീപുകളില്‍ അന്വേഷണ സംഘം സംയുക്ത തിരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെട്ട ആറു പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. കപ്പല്‍ മുക്കി സംഘം രക്ഷപ്പെടുമ്പോള്‍ കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി പാക്കറ്റുകള്‍ കണ്ടെത്താനും നാവിക സേനയുടെ സഹായത്തോടെ എന്‍ സി ബി ശ്രമം തുടങ്ങിയിട്ടുണ്ട്.

പിടിയിലായ പാക് സ്വദേശി, ‘ഹാജി സലിം’ എന്ന ലഹരി മാഫിയയിലെ കണ്ണിയാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സ്ഥീരികരിച്ചിട്ടുണ്ട്. ഇയാള്‍ കാരിയറാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനിലെ ലഹരി കടത്തുകാരനു വേണ്ടിയാണ് 25,000 കോടിയുടെ ലഹരിമരുന്ന് കടത്തിയത്. ഇടപാട് കഴിയുമ്പോള്‍ നല്ലതുക വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേരില്ലാത്ത ബോട്ടില്‍ ലഹരിമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയതെന്നാണ് പിടിയിലായയാളുടെ മൊഴി.

റിമാന്‍ഡിലായ പാക് സ്വദേശി സുബീറിനെ ചോദ്യം ചെയ്യനായി കസ്റ്റഡിയില്‍ വാങ്ങാന്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ തയ്യാറെടുക്കുകയാണ്. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സികളുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം കൊച്ചിയിലെത്തും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 10നാണ് ആഴക്കടലില്‍ വച്ച് നാവികസേന ബോട്ട് വളഞ്ഞ് ലഹരിമരുന്ന് പിടികൂടിയത്. 132 കെട്ടുകള്‍ക്കുള്ളില്‍ 2,525 പ്ലാസ്റ്റിക് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.

 

Latest