Kerala
ലഹരി പാര്‍ട്ടി കേസ്; ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും, പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ്
ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവരേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്
കൊച്ചി | കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടുകളിലെ സംശയം തീര്‍ക്കാനാണ് നടനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്
അതേ സമയം നടി പ്രയാഗ മാര്‍ട്ടിന്‍ നല്‍കിയ മൊഴി വിശ്വാസത്തിലെടുക്കുകയാണ് പോലീസ്. നക്ഷത്രഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നും ഗുണ്ടാ നേതാവ് ഓംപ്രകാശിനെ അറിയില്ലെന്നും നടി പോലീസിന് മൊഴി നല്‍കിയിരുന്നു. സൗത്ത് പോലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ചോദ്യംചെയ്യലിനെത്തിയത്.
കേസില്‍, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ട തമ്മനം ഫൈസല്‍, ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലില്‍ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റര്‍, ഭാര്യ സ്‌നേഹ, അങ്കമാലി സ്വദേശി പോള്‍ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങള്‍കൂടി ലഭിച്ചിട്ടുണ്ട്. ഇവരേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്