Connect with us

From the print

കൊച്ചിയിലെ ലഹരിപ്പാര്‍ട്ടി: ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്തു

ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി. സുഹൃത്തുക്കളെ കാണാനായാണ് പോയതെന്നും ലഹരിപ്പാര്‍ട്ടി നടക്കുന്നതായി അറിയില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍.

Published

|

Last Updated

കൊച്ചി | ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ മരട് പോലീസ് സ്റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു.

ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നും ചോദ്യം ചെയ്യലില്‍ ശ്രീനാഥ് ഭാസി ആവര്‍ത്തിച്ചു. ബിനു ജോസഫുമായാണ് ബന്ധമെന്നും നടന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ബിനു ജോസഫിനൊപ്പമാണ് മുറിയിലെത്തിയത്. ബിനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും ഭാസി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. രാവിലെ 11.45 ഓടെയാണ് ശ്രീനാഥ് മരട് പോലീസ് സ്റ്റേഷനിലെത്തിയത്. വൈകിട്ട് 4.45 ഓടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. കേസിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ശ്രീനാഥ് ഭാസി തയ്യാറായില്ല.

വൈകിട്ട് അഞ്ചോടെയാണ് നടി പ്രയാഗ മാര്‍ട്ടിന്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. നടനും അഭിഭാഷകനുമായ സാബുവും പ്രയാഗ മാര്‍ട്ടിനൊപ്പം സ്റ്റേഷനിലെത്തി. സുഹൃത്തുക്കളെ കാണാനായാണ് പോയതെന്നും ലഹരിപ്പാര്‍ട്ടി നടക്കുന്നതായി അറിയില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ത്ത കണ്ടതിന് ശേഷം ഗൂഗിള്‍ ചെയ്ത് നോക്കിയാണ് ആരാണ് ഓംപ്രകാശ് എന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. സുഹൃത്തുക്കളെ കാണാനായാണ് ഹോട്ടലില്‍ പോയത്. നമ്മള്‍ പല സ്ഥലത്ത് പോകുന്നവരാണ്. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ കുറ്റവാളികളുണ്ടോ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളുണ്ടോ എന്നൊന്നും ചോദിച്ചിട്ട് കയറാന്‍ പറ്റില്ലല്ലോയെന്നും അവര്‍ വ്യക്തമാക്കി. അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ആഡംബര ഹോട്ടലില്‍ എത്തിച്ചത് എളമക്കര സ്വദേശിയായ ബിനു ജോസഫാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബിനു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവായ ഭായ് നസീറിന്റെ അനുയായിയാണ് ബിനു ജോസഫ്. ഈ ബന്ധം ഉപയോഗിച്ച് ഓംപ്രകാശുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ലഹരിപ്പാര്‍ട്ടിക്ക് ആവശ്യമായ കൊക്കെയിന്‍ എത്തിച്ചത് ഇയാളെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബിനു ജോസഫുമായി ബന്ധമുള്ള തമ്മനം ഫൈസല്‍, ജോഷി, ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടലില്‍ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി കെ പീറ്റര്‍, ഭാര്യ സ്‌നേഹ എലിസബത്ത്, അങ്കമാലി സ്വദേശി പോള്‍ ജോസ് എന്നിവരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബിനു ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 14 പേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ആഡംബര ഹോട്ടലില്‍ ഓം പ്രകാശിന് ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കാനും മറ്റുമായി മുറികള്‍ എടുത്ത് നല്‍കിയ തിരുവാങ്കുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ബോബി ചലപതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.