Connect with us

sys

ലഹരി, വര്‍ഗീയ ധ്രുവീകരണം: എസ് വൈ എസ് ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മലബാറിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തതക്ക് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു

Published

|

Last Updated

തിരുവനന്തപുരം : എസ് വൈ എസ് പ്ലാറ്റിനം ജൂബിലി പരിപാടികളുടെ ഭാഗമായി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മലബാറിലെ പ്ലസ്വണ്‍ സീറ്റ് അപര്യാപ്തതക്ക് ശാശ്വത പരിഹാരം, സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ നടന്നുവരുന്ന വര്‍ഗീയ ധ്രുവീകരണം, ക്യാമ്പസുകളിലുള്‍പ്പെടെ യുവ തലമുറയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. പ്ലസ്വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി മലബാര്‍ മേഖലയില്‍ അനുഭവപ്പെടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ മുന്നേറുമ്പോഴും സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കുറവ് കാരണം വിദ്യാര്‍ഥികള്‍ പലവിധ പ്രതിസന്ധി നേരിടുകയാണ്, ഓരോ വര്‍ഷവും പ്രവേശന സമയത്ത് താത്കാലിക പരിഹാരമായി നടത്തുന്ന സീറ്റ് വര്‍ധനക്കപ്പുറം ആവശ്യമായ ബാച്ചുകള്‍ വര്‍ധിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണണം.

നിശ്ചിത ശതമാനം സീറ്റുകള്‍ മാത്രം വര്‍ധിപ്പിക്കുന്നത് ക്ലാസ് റുമുകളില്‍ സ്വാഭാവിക അധ്യയനത്തിന് തടസ്സം സൃഷ്ടിക്കുകയും അത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം അടുത്തകാലത്തായി താത്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി വര്‍ഗീയത ഉപയയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഇതുവഴി നടക്കുന്ന വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്തിന്റെ സൗഹാര്‍ദത്തെ തകര്‍ക്കുന്ന രീതിയില്‍ വളരാന്‍ അനുവദിക്കരുതെന്നും ഇത് പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്യാമ്പസുകളിലുള്‍പ്പടെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം പ്രതികരണ ശേഷി നഷ്ടപ്പെട്ട യുവതലമുറയെയാണ് സൃഷ്ടിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഇതിന് തടയിടാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കിയും നിയമത്തിന്റെ പഴുതുകള്‍ അടച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നേമം സിദ്ദീഖ് സഖാഫിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Latest