Connect with us

Health

വരണ്ട കണ്ണിൽ മരുന്നുറ്റിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

വരണ്ട കണ്ണുകളിൽ ഉപയോഗിക്കുന്ന ഐ ഡ്രോപ്പുകളുടെ ചേരുവകൾ കൊണ്ട് കണ്ണുകൾക്ക് ദോഷം സംഭവിക്കില്ല. പക്ഷേ ഈ തുള്ളിമരുന്നിൽ ബാക്ടീരിയയുടെ വളർച്ച തടയാൻ ചില പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നുണ്ട്. ഈ പ്രിസർവേറ്റീവുകൾ ശരിക്കും വില്ലനാണ്.

Published

|

Last Updated

28 കാരനായ ഋഷികേശ് ഗുരുഗ്രാമിലെ ഒരു ബഹുരാഷ്ട്ര ബി പി ഒ യിലാണ് ജോലി ചെയ്യുന്നത്. 6 വർഷത്തെ കരിയറിന്റെ തുടക്കത്തിൽ, ലാപ്‌ടോപ്പ് സ്‌ക്രീനിൽ നിരന്തരം സമയം ചെലവഴിക്കുന്നത് കാരണം, കണ്ണിൽ പൊള്ളൽ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വരാൻ തുടങ്ങി. ഡോക്‌ടർ അദ്ദേഹത്തിന് ഡ്രൈ ഐ ഡിസീസ്, അതായത് ഡിഐഡി എന്ന രോഗത്തിനുള്ള തുള്ളിമരുന്ന് നിർദ്ദേശിച്ചു. പക്ഷേ, 6 വർഷത്തോളം തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും, അദ്ദേഹത്തിന്റെ പ്രശ്നം മാറിയില്ല. മറിച്ച് പ്രശ്നം കൂടുതൽ വഷളാകാനും തുടങ്ങി. ഇതോടെ തുള്ളിമരുന്നിൻെറ ഉപയോഗം ഒരു ദിവസം 4 തവണയിൽ നിന്ന് 8 തവണയായി വർദ്ധിപ്പിച്ചു. ഇത് ഋഷികേശിന്റെ മാത്രം കഥയല്ല. കമ്പ്യൂട്ടറിലോ മൊബൈലിലോ കൂടുതൽ സമയം ചെലവഴിക്കുന്ന ഓരോ നാലാമത്തെ വ്യക്തിയുടെയും കഥയാണ്.

ഋഷികേഷിനും അദ്ദേഹത്തെപ്പോലുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ചാണ് പറയുന്നത്. വരണ്ട കണ്ണുകൾക്ക് ആശ്വാസം നൽകാൻ ഉപയോഗിക്കുന്ന ഐ ഡ്രോപ്പുകളിലെ പ്രിസർവേറ്റീവുകൾ രോഗത്തെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്ന യാഥാർഥ്യമാണത്. കാനഡയിലെ വാട്ടർലൂ സർവ്വകലാശാലയിൽ നടത്തിയ ഒരു ഗവേഷണത്തിൽ ഐ ഡ്രോപ്പുകളുടെ ദീർഘകാല ഉപയോഗത്തിന്റെ പാർശ്വഫലങ്ങളും കാരണങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ദീർഘകാലം തുടർച്ചയായി വരണ്ട കണ്ണുകളിൽ മരുന്നുറ്റിക്കുന്നത് മൂലം ശസ്ത്രക്രിയ വരേ വേണ്ടിവരുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും വിദഗ്ധർ പറയുന്നു.

കമ്പ്യൂട്ടറുകളുടെയും ലാപ്ടോപുകളുടെയും നിരന്തര ഉപയോഗം മൂലം ഇന്ത്യയിലും ഡ്രൈ ഐ ഡിസീസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ജേണൽ ഓഫ് ഒഫ്താൽമോളജിയുടെ 2018 ലെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ 32% ആളുകൾ വരണ്ട കണ്ണുകളാൽ ബുദ്ധിമുട്ടുന്നു. ഇപ്പോൾ ഈ കണക്ക് അതിലും വർധിച്ചിട്ടുണ്ടാകും. ഈ രോഗം തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലുമുള്ള അശ്രദ്ധ മാരകമായേക്കാം എന്ന് മറക്കരുത്.

പ്രശ്‌നം തുള്ളിയിലല്ല… പ്രിസർവേറ്റീവുകളിൽ

വരണ്ട കണ്ണുകളിൽ ഉപയോഗിക്കുന്ന ഐ ഡ്രോപ്പുകളുടെ ചേരുവകൾ കൊണ്ട് കണ്ണുകൾക്ക് ദോഷം സംഭവിക്കില്ല. പക്ഷേ ഈ തുള്ളിമരുന്നിൽ ബാക്ടീരിയയുടെ വളർച്ച തടയാൻ ചില പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നുണ്ട്. ഈ പ്രിസർവേറ്റീവുകൾ ആണ് വില്ലനാകുന്നത്. തുടർച്ചയായ ഉപയോഗം കണ്ണിൻെറ ടിയർ ഫിലിമിനെ പ്രതികൂലമായി ബാധിക്കും. കാനഡയിലെ വാട്ടർലൂ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഒക്യുലാർ റിസർച്ച് ആൻഡ് എഡ്യൂക്കേഷനിൽ നിന്നുള്ള ഗവേഷകരായ കാരെൻ വാൽഷും ലിൻഡൻ ജോൺസും പറയുന്നതനുസരിച്ച്, ഡ്രൈ ഐ ഡിസീസ് കോർണിയയുടെ ഉപരിതലത്തെ നശിപ്പിക്കുകയും അതിന് മുകളിലുള്ള ടിയർ ഫിലിമിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ രോഗം കുറയ്ക്കുന്നതിന് പകരം രോഗം കൂട്ടുകയാണ് ഇവ ചെയ്യുന്നത് എന്നർഥം.

ഇന്റസ്ട്രി ആർകിന്റെ ഒരു പഠനമനുസരിച്ച്, ലോകത്ത് എല്ലായ്‌പ്പോഴും തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നതിന് കാരണം രോഗമല്ല. അവരുടെ പഠനമനുസരിച്ച്, 52% ആളുകൾ നേത്രരോഗങ്ങൾ ചികിത്സിക്കാൻ തുള്ളികൾ ഉപയോഗിക്കുമ്പോൾ 39% ആളുകളും നേത്രസംരക്ഷണത്തിനായി മാത്രം തുള്ളിമരുന്നത് എടുക്കുന്നു.

ശസ്ത്രക്രിയ വേണ്ടിവന്നേക്കും

പ്രിസർവേറ്റീവുകൾ അടങ്ങിയ ഐ ഡ്രോപ്പുകൾ ദീർഘനേരം ഉപയോഗിച്ചാൽ കോർണിയൽ എപ്പിത്തീലിയൽ ടോക്സിസിറ്റി എന്ന അസുഖം വരാമെന്ന് നേത്ര ശസ്ത്രക്രിയാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ ഈ രോഗം വിരളമാണെങ്കിലും, തുള്ളിമരുന്നിലെ പ്രിസർവേറ്റീവുകൾ കാരണം, ഈ രോഗം സംഭവിക്കാനിടയുണ്ട്. അതിന്റെ ചികിത്സ ശസ്ത്രക്രിയ മാത്രമാണെന്ന് ഓർക്കുന്നത് നന്നാകും.

തഴച്ചുവളരുന്ന ഐ ഡ്രോപ്പ് വിപണി

ഐ ഡ്രോപ്പുകളുടെ വിപണി തുടർച്ചയായി വളരുകയാണ്. 2025 ആകുമ്പോഴേക്കും 18,000 കോടി രൂപയുടെ മൂല്യം ഈ വിപണിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 2017ൽ ലോകമെമ്പാടുമുള്ള ഐ ഡ്രോപ്‌സ് വിപണിയുടെ മൂല്യം 12,470 കോടിയായിരുന്നു. 2022 ആകുമ്പോഴേക്കും ഇത് 15,660 കോടിയിലെത്തി. 2025 ആകുമ്പോഴേക്കും ഇത് 18,000 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈ ഐ സിൻഡ്രോമുമായി ബന്ധപ്പെട്ട ഐ ഡ്രോപ്പുകളാണ് ഈ വിപണിയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.

ഡ്രൈ ഐ സിൻഡ്രോമിന് ഉപയോഗിക്കുന്ന എല്ലാ ഐ ഡ്രോപ്പുകളും കുറിപ്പടി ഇല്ലാതെ എളുപ്പത്തിൽ കൗണ്ടറിൽ ലഭ്യമാണ്. പ്രാരംഭ ലക്ഷണങ്ങളിലും പരിചയക്കാരുടെ ഉപദേശത്തിലും ആളുകൾ പലപ്പോഴും തുള്ളിമരുന്ന് എടുക്കാൻ തുടങ്ങുന്നു. എന്നാൽ ശരിക്കും രോഗാവസ്ഥയുണ്ടോ ലക്ഷണങ്ങൾ ഉണ്ടോ എന്നെല്ലാം നോക്കി വിദഗ്ധനായ ഡോക്ടറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം മരുന്നുകൾ എടുക്കാവൂ.

ഒരു രോഗമുണ്ടെങ്കിൽ പോലും, അതിന്റെ തീവ്രത അനുസരിച്ച്, എത്ര തവണ, എത്ര നേരം തുള്ളി ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദേശിക്കും. അതനുസരിച്ചേ മരുന്ന് ഉപയോഗിക്കാവൂ. പ്രിസർവേറ്റീവുകളില്ലാത്ത ഐ ഡ്രോപ്പുകളും വിപണിയിൽ ലഭ്യമാണെങ്കിലും ഷെൽഫ് ലൈഫ് കുറവായതിനാൽ ഇവയ്ക്ക് വില കൂടുതലാണ്. ഏതെങ്കിലും തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നതാണ് പ്രധാനകാര്യ‌ം.

Latest