Uae
ഡി എസ് എഫ്; ഡിജിറ്റൽ മാപ്പ് തയ്യാറായി
ഡി എസ് എഫ് യാത്ര ആസൂത്രണം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഡൈനാമിക് ടൂൾ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്
ദുബൈ | ദുബൈ വ്യാപാരോത്സവത്തെ (ഡി എസ് എഫ്) കുറിച്ച് ഓൺലൈനിൽ വിശദാംശങ്ങൾ അറിയാൻ ഡിജിറ്റൽ മാപ്പ് തയ്യാറായി. അധികൃതരുമായി സംവദിക്കാവുന്ന ഓൺലൈൻ ഗൈഡാണിത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസത്തെയും പ്രമോഷനുകളും പരിപാടികളും കണ്ടെത്താനാകും.
ഡി എസ് എഫ് യാത്ര ആസൂത്രണം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഡൈനാമിക് ടൂൾ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ദുബൈയുടെ എല്ലാ കോണുകളിലും എല്ലാവർക്കും മറക്കാനാവാത്ത, സന്തോഷം നിറഞ്ഞ നിമിഷങ്ങൾ കൊണ്ടുവരുന്ന ആഘോഷവും ആസൂത്രണം ചെയ്തിട്ടുണ്ട്. സംഗീത പരിപാടികൾ, ഉത്പന്ന വിറ്റഴിക്കലുകൾ, നറുക്കെടുപ്പുകൾ, കരിമരുന്ന് പ്രദർശനങ്ങൾ, ഡ്രോൺ ഷോകൾ ഉണ്ടാകും. ഡിസംബർ ആറ് മുതൽ 2025 ജനുവരി 12 വരെ 38 ദിവസം നീണ്ടുനിൽക്കും.
ഡി എസ് എഫിന് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ എല്ലാ ദിവസവും രാത്രി 8.30ന് അൽ സർഊനി ഗ്രൂപ്പിന്റെ വെടിക്കെട്ട് ആസ്വദിക്കാം. ഹത്തയിലും വെടിക്കെട്ടും ആകർഷകമായ ലൈറ്റിംഗ് ഡിസ്പ്ലേകളും ഉണ്ടാകും.
ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ജെ ബി ആർ ബീച്ചിലും ദിവസേന രണ്ട് തവണ സൗജന്യ ഡ്രോൺ ഷോകൾ കാണാം. 1,000 ഡ്രോണുകൾ രാത്രി എട്ടിനും പത്തിനും രണ്ട് ആകർഷകമായ പ്രകടനങ്ങൾ അവതരിപ്പിക്കും. പ്രേക്ഷകർക്ക് സാങ്കേതികവിദ്യയുടെയും കഥപറച്ചിലിന്റെയും മാന്ത്രിക സംയോജനം അനുഭവപ്പെടും.
ഡിസംബർ ആറ് മുതൽ 26 വരെ ഇവ നീണ്ടുനിൽക്കും. ഡി എസ് എഫിന്റെ 30-ാം വാർഷികമാണ് ആദ്യ തീം. രണ്ടാമത്തെ തീം ഡിസംബർ 27 മുതൽ ജനുവരി 12 വരെയാണ്. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനമാണ് ആശയം.