Uae
ഡി എസ് എഫ് ആരംഭിച്ചു; ദുബൈ ആകാശം പ്രകാശപൂരിതമായി
ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ആവേശകരവുമായ ഡ്രോണ്‍ ഷോകള്‍ക്കുള്ള വേദി കൂടിയാണ് ഇത്തവണത്തെ ഡി എസ് എഫ്.
ദുബൈ|ദുബൈ വ്യാപാരോത്സവം (ഡി എസ് എഫ്) ആരംഭിച്ചു. ഡ്രോണുകള്‍ കൊണ്ടും കരിമരുന്നുകള്‍ കൊണ്ടും ദുബൈ ആകാശം മുമ്പെങ്ങുമില്ലാത്തവിധം പ്രകാശപൂരിതമായി. ഡി എസ് എഫിന്റെ 30ാം വാര്‍ഷിക പതിപ്പ് 2024 ഡിസംബര്‍, 2025 ജനുവരി 12 വരെ നീണ്ടു നില്‍ക്കും. മാളുകളിലെല്ലാം വിലക്കിഴിവും കലാ പ്രകടനങ്ങളുമുണ്ട്. നഗരം വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ചത് ആഘോഷിക്കാന്‍ ലോകത്തെ അധികൃതര്‍ സ്വാഗതം ചെയ്യുന്നു.
ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും ആവേശകരവുമായ ഡ്രോണ്‍ ഷോകള്‍ക്കുള്ള വേദി കൂടിയാണ് ഇത്തവണത്തെ ഡി എസ് എഫ്. 1,000 ഡ്രോണുകള്‍ അണിനിരക്കുന്ന, വിസ്മയിപ്പിക്കുന്ന പ്രദര്‍ശനം ആദ്യ ദിവസം നടന്നു. 38 ദിവസം പ്രദര്‍ശനമുണ്ടാകും. ദിവസവും രണ്ട് തവണ കാണാം. സൗജന്യമാണ് പ്രകടനങ്ങള്‍. കൂടാതെ 150 പൈറോ ഡിസ്‌പ്ലേകള്‍ക്കും സ്‌കൈഡൈവിംഗ് സ്റ്റണ്ടുകള്‍ക്കും അവസരമൊരുക്കും.
ഇമാറാത്ത് അവതരിപ്പിക്കുന്ന, ഡ്രോണ്‍ ഷോകള്‍ ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡിലും ദി ബീച്ചിലും ജെ ബി ആറിലുമാണ്. എല്ലാ ദിവസവും രാത്രി എട്ടിനും പത്തിനും നടക്കും. ഡിസംബര്‍ 13ന് ഡ്രോണ്‍ സാങ്കേതികവിദ്യയുമായി പൈറോടെക്നിക്കുകളെ ലയിപ്പിക്കും. രാത്രി എട്ടിനും പത്തിനും 150 പൈറോ ഡ്രോണുകള്‍ ആകാശത്തെ പ്രകാശിപ്പിക്കും.