Uae
ദുബൈ; എമിറേറ്റ്സിന് 10.4 ബില്യൺ ലാഭം
2024 ഏപ്രിൽ ഒന്നിനും സെപ്തംബർ 30നും ഇടയിൽ എയർലൈനിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധിച്ചു.
ദുബൈ | എമിറേറ്റ്സ് എയർലൈൻസിന്റെ മാതൃ കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. ഗ്രൂപ്പിന് നികുതിക്ക് മുമ്പുള്ള ലാഭം 10.4 ബില്യൺ ദിർഹമാണ്. 70.8 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ വരുമാനം.
2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എമിറേറ്റ്സ് കഴിഞ്ഞ വർഷത്തെ റെക്കോർഡ് പ്രകടനത്തെ മറികടന്നതായി ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി.കാരിയറിന്റെ വരുമാനം അഞ്ച് ശതമാനം ഉയർന്നു. പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുകയും ഡിനാറ്റ ഓൺലൈനായി വരികയും ചെയ്യുന്നതോടെ ഇനിയും വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷ.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ബന്ധപ്പെടാനും ബിസിനസ് ചെയ്യാനും തിരഞ്ഞെടുക്കാവുന്ന ഒരു നഗരമെന്ന നിലയിൽ ദുബൈയുടെ വളർച്ചാപാതയുമായി സംയോജിക്കുന്നതാണ് ഗ്രൂപ്പിന്റെ ഈ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.
2024 ഏപ്രിൽ ഒന്നിനും സെപ്തംബർ 30നും ഇടയിൽ എയർലൈനിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധിച്ചു. ഫ്ലീറ്റിന്റെയും നെറ്റ്്വർക്ക് വിപുലീകരണ പദ്ധതിയുടെയും ഭാഗമായി സമീപഭാവിയിൽ 315 വിമാനങ്ങൾ കൂടി എമിറേറ്റ്‌സ് ഉൾപ്പെടുത്തുന്നുണ്ട്. ഇതിൽ 65 എണ്ണം എയർബസ് എ 350-900 ആണ്. 148 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർലൈൻസിന് ഇപ്പോൾ 259 വിമാനങ്ങളുണ്ട്. നിലവിൽ 66,748 തൊഴിലാളികൾ ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.