Uae
ദുബൈ ജനസംഖ്യ ഈ വർഷം അവസാനത്തോടെ 40 ലക്ഷം കടക്കും
പുതിയ താമസക്കാരുടെ വരവ് കനത്ത തോതിൽ തുടരുന്നതാണ് കാരണം.

ദുബൈ| ദുബൈ ജനസംഖ്യ ഈ വർഷം അവസാനത്തോടെ 40 ലക്ഷം കടക്കും. ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ നിഗമനമാണിത്. 2025ന്റെ ആദ്യ പാദത്തിൽ ജനസംഖ്യ സ്ഥിരമായ വേഗത്തിൽ വർധിച്ചു 39 ലക്ഷം കടന്നു. പുതിയ താമസക്കാരുടെ വരവ് കനത്ത തോതിൽ തുടരുന്നതാണ് കാരണം. ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കെടുപ്പ് പ്രകാരം, 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എമിറേറ്റിന്റെ ജനസംഖ്യ 51,295 ആയി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 52,143 ആയിരുന്നു. ഇത് വിദേശ പ്രൊഫഷണലുകൾക്കും കോടീശ്വരന്മാർക്കും യു എ ഇ വിശേഷിച്ചു ദുബൈ ശക്തമായ ആകർഷണം ആയിട്ടുണ്ട്. 2025 ആദ്യ പാദത്തിന്റെ അവസാനത്തിൽ, 39.14 ലക്ഷമായി. നിലവിലെ വേഗം തുടർന്നാൽ, ഈ വർഷം മൂന്നാം പാദത്തിൽ തന്നെ ജനസംഖ്യ 40 ലക്ഷത്തിലെത്തും.
2024ൽ, 169,000 വർധിച്ച് 38.25 ലക്ഷമായി. 2018ന് ശേഷമുള്ള വാർഷിക ജനസംഖ്യാ നിരക്കിലെ ഏറ്റവും വേഗതയേറിയ വർധനവാണിത്. പ്രധാനമായും റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഭക്ഷണം, പാനീയങ്ങൾ (എഫ് & ബി), യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളുടെ വളർച്ചക്ക് ഇത് കാരണമായി. എമിറേറ്റ്‌സ് എൻ ബി ഡി റിസർച്ച് അതിന്റെ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ്ഔട്്ലുക്ക് 2025 ൽ യു എ ഇയുടെ എണ്ണയിതര സമ്പദ്്വ്യവസ്ഥ, “വർധിച്ചുവരുന്ന ജനസംഖ്യയിൽ നിന്ന് പ്രയോജനം നേടുന്നു’ എന്ന് അഭിപ്രായപ്പെട്ടു.
ഊർജസ്വലമായ തൊഴിൽ വിപണി, ദീർഘകാല താമസ വിസകൾ, കോർപ്പറേറ്റുകൾക്കുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വൈറ്റ് കോളർ തൊഴിലാളികളെ യു എ ഇയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നു. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബൈ ജി ഡി പി 3.1 ശതമാനം വളർച്ച കൈവരിച്ചു. മൊത്തം ജി ഡി പി 33,900 കോടി ദിർഹത്തിലെത്തി. 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കണക്കാക്കിയത് 32,900 കോടി ദിർഹത്തിൽ നിന്ന് ഇത് വർധിച്ചു.