Connect with us

Uae

ദുബൈ; ബഹിരാകാശ പദ്ധതികൾക്ക് 4,000 കോടി ദിർഹം

ബഹിരാകാശ പര്യവേഷണ പദ്ധതികൾക്കായുള്ള ഗവേഷണ ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിച്ചു.

Published

|

Last Updated

ദുബൈ | യു എ ഇയുടെ ബഹിരാകാശ പദ്ധതികൾക്ക് 4,000 കോടി ദിർഹം ചെലവ് ചെയ്യുന്നുണ്ടെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്‌പേസ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.

‘നമ്മൾ മരുഭൂമിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ആകാശത്തിനപ്പുറം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഛിന്നഗ്രഹ വലയത്തിലേക്കും എത്താൻ ശ്രമിക്കുന്നു’ സ്‌പേസ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ശൈഖ് ഹംദാൻ.

ബഹിരാകാശ പര്യവേഷണ പദ്ധതികൾക്കായുള്ള ഗവേഷണ ചെലവ് മുൻ വർഷത്തെ അപേക്ഷിച്ച് 14.8 ശതമാനം വർധിച്ചു. സ്വകാര്യ മേഖലയുടെ ധനസഹായവും നിക്ഷേപങ്ങളും 44.3 ശതമാനമായിരുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ എണ്ണത്തിൽ 29 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി.ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവ പര്യവേഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള അഞ്ച് ദേശീയ പദ്ധതികൾക്ക് യു എ ഇ അഭിമാനത്തോടെ നേതൃത്വം നൽകുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ശാസ്ത്രീയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള ഒരു തൊഴിൽ ശക്തിയെ ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഛിന്നഗ്രഹ വലയം പര്യവേഷണം ചെയ്യുന്നതിനായി ആഗോളതലത്തിൽ ഒരു പദ്ധതി ആരംഭിച്ച ആദ്യത്തെ രാജ്യമാണ് യു എ ഇ. ചന്ദ്രനിൽ എത്തുന്നതിനും ആർട്ടെമിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുമുള്ള ദൗത്യം ആരംഭിച്ച മേഖലയിലെ ആദ്യ രാജ്യമായും മാറി. 2024 ഡിസംബറിൽ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്ന സ്പേസ് 42 ന്റെ ഉടമസ്ഥതയിലുള്ള തുറയ 4 ഉപഗ്രഹവും 2025 ജനുവരിയിൽ വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ എംബിസെഡ്-സാറ്റും യു എ ഇയുടെ വരാനിരിക്കുന്ന ബഹിരാകാശ പരിപാടികളിൽ ഉൾപ്പെടുന്നു.

വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ, കായിക മന്ത്രിയും സുപ്രീം സ്‌പേസ് കൗൺസിൽ സെക്രട്ടറി ജനറലും യു എ ഇ സ്‌പേസ് ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. അഹ്്മദ് ബിൽഹൂൽ അൽ ഫലാസി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Latest