Uae
ദുബൈ വിമാനത്താവളം ഈ വര്‍ഷം 9.1 കോടി യാത്രക്കാരെ പ്രതീക്ഷിക്കുന്നു
ഈ വര്‍ഷം ആദ്യ പാദത്തില്‍ 2.3 കോടി യാത്രക്കാരാണ് ടെര്‍മിനലുകളിലൂടെ കടന്നുപോയത്.
ദുബൈ | ദുബൈ രാജ്യാന്തര വിമാനത്താവളം (ഡി എക്സ് ബി) യാത്രക്കാരുടെ വര്‍ധനവില്‍ മുന്നോട്ട്. പ്രളയത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയ ഈ വര്‍ഷം ആദ്യ പാദത്തില്‍ 2.3 കോടി യാത്രക്കാരാണ് ടെര്‍മിനലുകളിലൂടെ കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബൈയുടെ പ്രാധാന്യത്തിന് ഇത് അടിവരയിട്ടു. ഈ പാദത്തിലെ മൊത്തം യാത്രക്കാരുടെ എണ്ണം 23,052,060ലെത്തി. ജനുവരിയിലാണ് ഏറ്റവും ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയത്. 79 ലക്ഷം അതിഥികളാണ് എത്തിയത്. 2024ല്‍ മൊത്തം 9.1 കോടി ആകുമെന്ന് കണക്കാക്കുന്നു.
‘വ്യോമയാന മേഖലയിലെ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, 2018 ലെ മുന്‍ വാര്‍ഷിക ട്രാഫിക് റെക്കോര്‍ഡായ 8.91 കോടിയെ മറികടക്കും. 2024-ല്‍ 8.8 കോടി യാത്രക്കാരെയാണ് പ്രതീക്ഷിച്ചിരുന്നത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കും ഞങ്ങളുടെ ടെര്‍മിനലുകളിലൂടെ കടന്നുപോകുന്ന ഓരോ അതിഥിക്കും വളര്‍ച്ചയുടെ വേഗം നിലനിര്‍ത്തുന്നതിലും മൊത്തത്തിലുള്ള എയര്‍പോര്‍ട്ട് അനുഭവം വര്‍ധിപ്പിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ തുടരുന്നു.’ ദുബൈ എയര്‍പോര്‍ട്സ് സി ഇ ഒ. പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
ഏകദേശം 30,790 കോടി ദിര്‍ഹമാണ് ദുബൈയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജി ഡി പി) വിമാനത്താവളങ്ങള്‍ സംഭാവന ചെയ്യുന്നത്. 3.3 ശതമാനം വര്‍ധനയുമുണ്ട്. 90 അന്താരാഷ്ട്ര കാരിയറുകള്‍ മുഖേന 102 രാജ്യങ്ങളിലായി 256 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്ഷനുണ്ട്. ഇത് ആഗോള ബിസിനസ്, ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. 31 ലക്ഷം അതിഥികളോടെ ദുബൈയുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാന രാജ്യമായി ഇന്ത്യ തുടര്‍ന്നു. സഊദി അറേബ്യ രണ്ടാം സ്ഥാനത്തുണ്ട്.