Connect with us

Uae

ദുബൈ; പെൺകുട്ടികളിൽ ഗർഭാശയഗള കാൻസർ ഇല്ലാതാക്കാൻ ദേശീയ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്ത് സ്ത്രീകൾക്കിടയിൽ അഞ്ചാമത്തെ സാധാരണ കാൻസറാണിത്.

Published

|

Last Updated

ദുബൈ | യു എ ഇയിൽ 2030-ഓടെ 13-14 വയസ്സ് പ്രായമുള്ള 90 ശതമാനം പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്ന ദേശീയ പദ്ധതി പ്രഖ്യാപിച്ചു. ഗർഭാശയഗള കാൻസർ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

രാജ്യത്ത് സ്ത്രീകൾക്കിടയിൽ അഞ്ചാമത്തെ സാധാരണ കാൻസറാണിത്.ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ പദ്ധതി ഈ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് വാക്‌സിനേഷനും 25 വയസ്സ് മുതൽ സ്ത്രീകൾക്ക് മൂന്നോ അഞ്ചോ വർഷത്തിലൊരിക്കൽ പാപ് സ്മിയർ പരിശോധനയും ഉൾപ്പെടുന്നു.

പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, മികച്ച ചികിത്സ എന്നിവയിലൂടെ ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കാനാണ് ഈ പദ്ധതി.ഗർഭാശയഗള കാൻസർ യു എ ഇയിൽ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ്. എങ്കിലും മുൻകരുതൽ നടപടികൾ മൂലം ദേശീയ രോഗനിരക്ക് ആഗോള ശരാശരിയേക്കാൾ കുറവായി.

15 വയസ്സിന് താഴെയുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിനും അതിന് മുകളിലുള്ളവർക്ക് മൂന്ന് ഡോസ് വാക്‌സിനും നൽകും. ഇമാറാത്തികൾക്ക് ഇത് സൗജന്യമാണ്. എന്നാൽ പ്രവാസികൾക്ക് സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 600 മുതൽ 1,100 ദിർഹം വരെ ചെലവാകും എന്നാണ് വ്യക്തമാവുന്നത്.

2018-ൽ പെൺകുട്ടികൾക്കും 2023-ൽ ആൺകുട്ടികൾക്കും വാക്‌സിനും യു എ ഇ നേരത്തെ നടപ്പാക്കിയിരുന്നു. നേരത്തെയുള്ള പരിശോധന വീണ്ടെടുക്കൽ നിരക്ക് വർധിപ്പിക്കുകയും ആരോഗ്യ സംവിധാനത്തിന്റെ ഭാരം കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.