Connect with us

Uae

കള്ളപ്പണം വെളുപ്പിക്കല്‍; രണ്ട് അന്താരാഷ്ട്ര ശൃംഖലകളെ ദുബൈ തകര്‍ത്തു

രണ്ട് പ്രാദേശിക കമ്പനികളെ മുന്‍നിര്‍ത്തി യു കെയില്‍ നിന്ന് യു എ ഇയിലേക്ക് ഫണ്ട് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

Published

|

Last Updated

ദുബൈ| കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് പ്രധാന അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലക്കെതിരെ ദുബൈ നടപടി സ്വീകരിച്ചു. മൊത്തം 641 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള കേസുകളിലാണ് നടപടി. ആദ്യ കേസില്‍, ഒരു ഇമാറാത്തി, 21 ബ്രിട്ടീഷ് പൗരന്മാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ചെക്ക് പൗരന്‍, ഇമാറാത്തി പൗരന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികള്‍ എന്നിവരെ പബ്ലിക് പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സിലേക്ക് റഫര്‍ ചെയ്തു. 461 ദശലക്ഷം ദിര്‍ഹത്തിന്റെ അനധികൃത ഫണ്ട് കൈവശം വച്ചതും ഉപയോഗിച്ചതും വ്യാജരേഖ ചമച്ചതുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

രണ്ട് പ്രാദേശിക കമ്പനികളെ മുന്‍നിര്‍ത്തി യു കെയില്‍ നിന്ന് യു എ ഇയിലേക്ക് ഫണ്ട് കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. യു കെയിലെ നിയമാനുസൃതമായ വ്യാപാരത്തില്‍ നിന്നുള്ള വരുമാനമാണെന്ന് തെറ്റായി പ്രഖ്യാപിക്കുന്ന വ്യാജ രേഖകള്‍ ഉപയോഗിക്കുകയും കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കുകയും ചെയ്തു.

മറ്റൊരു കേസില്‍, 180 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച ഒരു അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യ ശൃംഖലക്കെതിരെയാണ് നടപടി എടുത്തത്. 30 വ്യക്തികളുടെയും മൂന്ന് കമ്പനികളുടെയും ശൃംഖല ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു.

ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചുള്ള സങ്കീര്‍ണമായ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ യു കെയിലും ദുബൈയിലുമായാണ് പ്രവര്‍ത്തിച്ചത്. യു കെയിലും ദുബൈയിലുമുള്ള ലൈസന്‍സില്ലാത്ത ക്രിപ്‌റ്റോകറന്‍സി ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ യു കെയില്‍ കള്ളപ്പണം വെളുപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് ഇന്ത്യക്കാരും ഒരു ബ്രിട്ടീഷ് പൗരനുമാണ് ഈ കേസില്‍ പ്രതികള്‍.

 

 

Latest