National
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി
വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി | ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിച്ചു. ദുബൈ കിരീടാവകാശിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഒരു ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടാവകാശിക്ക് ഉച്ചവിരുന്ന് നൽകി. തുടർന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തും.
#WATCH | Delhi: External Affairs Minister (EAM) S Jaishankar meets Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai pic.twitter.com/VCciW6XhMg
— ANI (@ANI) April 8, 2025
വൈകുന്നേരം, ശൈഖ് ഹംദാൻ മുംബൈയിലേക്ക് തിരിക്കും. അവിടെ ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസ് നേതാക്കളുമായി റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാൻ്റെ സന്ദർശനം.
യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്കാരിക, ജനകീയ ബന്ധങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന എമിറേറ്റാണ് ദുബൈ. യുഎഇയിലെ ഏകദേശം 4.3 ദശലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും താമസിക്കുന്നതും ജോലി ചെയ്യുന്നതും ദുബൈയിലാണ്.