National
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യയിൽ
സന്ദർശന വേളയിൽ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി | ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ഏപ്രിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. സന്ദർശന വേളയിൽ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുംബൈയിൽ ഒരു റൗണ്ട് ടേബിൾ വ്യാപാര ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഈ വിവരം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ്റെ സന്ദർശനം. ഏപ്രിൽ 8 ന് പ്രധാനമന്ത്രി അദ്ദേഹത്തിന് ഉച്ചഭക്ഷണം നൽകും എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദുബൈ കിരീടാവകാശിയായ ശേഷം അദ്ദേഹത്തിൻ്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഷെയ്ഖ് ഹംദാനോടൊപ്പം നിരവധി മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഒരു ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും ഉണ്ടാകും. ദുബൈ കിരീടാവകാശിയുടെ സന്ദർശനം ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുകയും ദുബൈയുമായുള്ള നമ്മുടെ ബഹുമുഖ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്കാരിക, ജനകീയ ബന്ധങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന എമിറേറ്റാണ് ദുബൈ. യുഎഇയിലെ ഏകദേശം 4.3 ദശലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികളിൽ ഭൂരിഭാഗവും താമസിക്കുന്നതും ജോലി ചെയ്യുന്നതും ദുബൈയിലാണ്.