Uae
ദുബൈക്ക് സാമ്പത്തിക കുതിപ്പ്: കടം ഏറെയും തിരിച്ചടച്ചു
കഴിഞ്ഞ രണ്ട് വർഷമായി എമിറേറ്റ് അതിന്റെ ആസ്തികളിൽ നിന്നും ധനസമ്പാദനം നടത്തി. ഓഹരി വിറ്റാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.
ദുബൈ | സാമ്പത്തിക കുതിപ്പിന്റെ സൂചന നൽകി ദുബൈ 4700 കോടി ദിർഹം കടവും ബോണ്ടുകളും തിരിച്ചടച്ചു. കഴിഞ്ഞ രണ്ട് വർഷമായി ദുബൈ ഭരണകൂടം കടം ഗണ്യമായി കുറച്ചതായി ബുധനാഴ്ച പുറത്തിറക്കിയ ഒരു പുതിയ പഠനം പറയുന്നു. ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആന്റ്പിയാണ് പഠനം തയാറാക്കിയത്. 2022-23ൽ എമിറേറ്റ് ഏകദേശം 4,000 കോടി ദിർഹം കടവും 710 കോടി ദിർഹം ബോണ്ടുകളും തിരിച്ചടച്ചു. 2021ൽ ജി ഡി പിയുടെ 70 ശതമാനം വരെ കടം വീട്ടാൻ ഉപയോഗിച്ചിരുന്നു. 2024 അവസാനം അത് 34 ശതമാനമായി ചുരുങ്ങും.
അബൂദബിയിൽ നിന്നും സെൻട്രൽ ബേങ്ക് ഓഫ് യു എ ഇയിൽ നിന്നുമുള്ള 2,000 കോടി ദിർഹം (540 കോടി ഡോളർ) വായ്പയും 710 കോടി ദിർഹവും ഉൾപ്പെടെ 2022-2023ൽ ഏകദേശം 4000 കോടി ദിർഹം (1100 കോടി ഡോളർ) സർക്കാർ തിരിച്ചടച്ചു.
കൊവിഡിന് ശേഷം എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായി തിരിച്ചുവന്നു. എല്ലാ മേഖലകളും എക്‌സ്‌പോണൻഷ്യൽ വേഗതയിൽ വളരുന്നു. അതിന്റെ ഫലമായി സർക്കാരിന് ശക്തമായ വരുമാനം ആയി. ഒന്പത് ശതമാനം കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തിയത് എമിറേറ്റിന്റെ വരുമാനം വർധിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷമായി എമിറേറ്റ് അതിന്റെ ആസ്തികളിൽ നിന്നും ധനസമ്പാദനം നടത്തി. ഓഹരി വിറ്റാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഏകദേശം 3,300 കോടി ദിർഹം (ഒന്പത് ബില്യൺ ഡോളർ) നേടിയിട്ടുണ്ട്. യൂട്ടിലിറ്റി കമ്പനിയായ ദീവ, ടോൾ ഓപ്പറേറ്റർ സാലിക്, കൂളിംഗ് സേവന ദാതാവ് എംപവർ, പാർക്കിൻ, ദുബൈ ടാക്സി, ബിസിനസ് ഡിസ്ട്രിക്റ്റ് ഓപ്പറേറ്റർ ടീകോം എന്നിവയുടെ ഭാഗിക വിൽപ്പന ഇതിൽ ഉൾപ്പെടുന്നു. “ഇനിയും നാല് കമ്പനികൾ ലിസ്റ്റ് ചെയ്യാനുണ്ട്, സർക്കാരിന് മറ്റൊരു പണലഭ്യതക്ക് സാധ്യതയുണ്ട്. അത് കടം കുറക്കുന്നതിനോ എയർപോർട്ട് വിപുലീകരണത്തിനുള്ള ഫണ്ടിംഗിനെയോ പിന്തുണക്കും’ എസ് ആന്റ്പി പറഞ്ഞു. ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻബിഡി ബേങ്കിൽ നിന്നുള്ള വായ്പ ഇതേ കാലയളവിൽ പകുതിയോളം കുറഞ്ഞു. 2024 മുതൽ 2027 വരെ സാമ്പത്തിക മിച്ചം ലഭിക്കുമെന്ന് എസ് ആന്റ്പി അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു.