Connect with us

Uae

ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26 മുതൽ; 30 ദിവസത്തെ ചലഞ്ചിൽ വിപുലമായ പ്രവർത്തനങ്ങൾ

കഴിഞ്ഞ വർഷത്തെ ചലഞ്ചിൽ 30 ദിവസങ്ങളിലായി 2.4 ദശലക്ഷത്തിലധികം പേർ പങ്കെടുത്തു.

Published

|

Last Updated

ദുബൈ | ശാരീരികക്ഷമത വർധിപ്പിക്കാനും ഫിറ്റ്‌നസിനും മുൻഗണ നൽകുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26 ശനി മുതൽ നവംബർ 24 ഞായർ വരെ നടക്കും. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം 2017-ൽ ആരംഭിച്ച പദ്ധതിയാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച്.

ആഗോളതലത്തിൽ ഏറ്റവും സജീവമായ നഗരങ്ങളിൽ ഒന്നായി ദുബൈയെ മാറ്റാനുള്ള അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ ഭാഗമാണിത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ച് എന്നതിലുപരി, സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് ശാരീരിക പ്രവർത്തനങ്ങളുടെ പ്രാധാന്യവും ദൈനംദിന ജീവിതത്തിലേക്ക് അവ കൊണ്ടുവരാനുള്ള ആഹ്വാനവുമാണ് ഇത്.

എല്ലാ പ്രായത്തിലും കഴിവിലുമുള്ള താമസക്കാരെയും സന്ദർശകരെയും 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് സജീവമായിരിക്കാൻ പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ രണ്ടിന് ദുബൈ സ്റ്റാൻഡ്-അപ്പ് പാഡിൽ നടക്കും. ദുബൈ റൈഡ് നവംബർ പത്തിനും ദുബൈ റൺ നവംബർ 24നും നടക്കും. സൗജന്യ സ്പോർട്സ്, ഫിറ്റ്നസ് പ്രവർത്തനങ്ങൾ തുടങ്ങിയവയും ഉണ്ടാവും.

കഴിഞ്ഞ വർഷത്തെ ചലഞ്ചിൽ 30 ദിവസങ്ങളിലായി 2.4 ദശലക്ഷത്തിലധികം പേർ പങ്കെടുത്തു. ദുബൈ റൈഡിൽ 35,000 ത്തിൽ പരം സൈക്ലിസ്റ്റുകളും ദുബൈ റണ്ണിൽ 226,000 ഓട്ടക്കാരും പങ്കെടുത്തു.