Uae
ദുബൈ ഫിറ്റ്നസ് ചലഞ്ച്: രജിസ്‌ട്രേഷന്‍ തുടങ്ങി
എല്ലാ പ്രായക്കാര്‍ക്കും സൗജന്യ ഫിറ്റ്‌നസ് വില്ലേജുകള്‍, ഇവന്റുകള്‍, കമ്മ്യൂണിറ്റി ഹബുകള്‍, ക്ലാസുകള്‍, ആക്റ്റിവിറ്റികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 30 ദിവസത്തെ കലണ്ടര്‍ തയാറാക്കിയിട്ടുണ്ട്.
ദുബൈ| ഒക്ടോബര്‍ 26 ശനി മുതല്‍ നവംബര്‍ 24 ഞായര്‍ വരെ നടക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ച് 2024-ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 30 ദിവസത്തേക്ക് 30 മിനിറ്റ് വീതം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. എല്ലാ പ്രായക്കാര്‍ക്കും സൗജന്യ ഫിറ്റ്‌നസ് വില്ലേജുകള്‍, ഇവന്റുകള്‍, കമ്മ്യൂണിറ്റി ഹബുകള്‍, ക്ലാസുകള്‍, ആക്റ്റിവിറ്റികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 30 ദിവസത്തെ കലണ്ടര്‍ തയാറാക്കിയിട്ടുണ്ട്. ദുബൈ റണ്‍, ദുബൈ റൈഡ്, ദുബൈ സ്റ്റാന്‍ഡ്-അപ്പ് പാഡില്‍ എന്നിവ മെഗാ ഇവന്റുകളാണ്.
ദുബൈ റണ്ണില്‍ പങ്കെടുക്കാന്‍ രണ്ട് അതിഥികളെ ദുബൈയില്‍ കൊണ്ടുവരാന്‍ എമിറേറ്റ്‌സ് വിമാന ടിക്കറ്റുകള്‍ നേടാനുള്ള അവസരത്തിനായി www.dubaifitnesschallenge.com-ല്‍ രജിസ്റ്റര്‍ ചെയ്യുക.
ദുബൈയെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാക്കി മാറ്റാന്‍ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സംരംഭമാണ് ഫിറ്റ്നസ് ചലഞ്ച്.
ഈ വര്‍ഷത്തെ ലൈനപ്പില്‍ പുതിയ സൈക്ലിംഗ് കേന്ദ്രീകൃത അല്‍ വര്‍ഖ പാര്‍ക്കുമുണ്ട്. 30×30 ഫിറ്റ്‌നസ് വില്ലേജായി പരിവര്‍ത്തനം ചെയ്യും. ഒരു പ്രത്യേക കിഡ്‌സ് സോണും സ്ത്രീകള്‍ക്ക് മാത്രമുള്ള ഏരിയയും വ്യായാമങ്ങള്‍ക്കായുണ്ട്. മാസത്തിലുടനീളം ആയിരക്കണക്കിന് സൗജന്യ സെഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.
ബ്ലൂവാട്ടേഴ്‌സ്, ഡി ഐ എഫ് സി, ഡി എം സി സി (ജെ എല്‍ ടി), സിറ്റി വാക്ക്, ദുബൈ ഡിജിറ്റല്‍ പാര്‍ക്ക്, എക്‌സ്‌പോ സിറ്റി, സബീല്‍ ലേഡീസ് ക്ലബ് എന്നിവയുള്‍പ്പടെ നഗരത്തിലുടനീളമുള്ള അയല്‍പക്കങ്ങളിലെ ഫിറ്റ്‌നസ് ഹബുകളും ചലഞ്ചിന് സഹായകമായി വര്‍ത്തിക്കും. ശൈഖ് സായിദ് റോഡിലാണ് ദുബൈ റണ്‍. ഡി പി വേള്‍ഡ് അവതരിപ്പിക്കുന്ന ദുബൈ റൈഡിന്റെ അഞ്ചാം പതിപ്പ് ഇവിടെയാണ്. മേഖലയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് ഇവന്റില്‍ എല്ലാ പ്രായത്തിലും കഴിവിലുമുള്ള സൈക്ലിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവരുന്നത് നവംബര്‍ പത്ത് ഞായറാഴ്ച ആയിരിക്കും.