Uae
ദുബൈ ജി ഡി പി 115 ബില്യണ്‍ ദിര്‍ഹത്തിലെത്തി; വര്‍ഷം തോറും 3.2 ശതമാനം വളര്‍ച്ച
എമിറേറ്റിലെ എല്ലാ മേഖലകളിലും വിജയം നിലനിര്‍ത്തുക, മികവിന്റെയും നേതൃത്വത്തിന്റെയും സംസ്‌കാരം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ്.
ദുബൈ | ദുബൈ എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 115 ബില്യണ്‍ ദിര്‍ഹത്തിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സമ്പദ് വ്യവസ്ഥയില്‍ 3.2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
‘ദുബൈയുടെ അഭിലാഷം പരിധിയില്ലാത്തതാണ്. വരുംതലമുറകള്‍ക്ക് വാഗ്ദാനമായ ഭാവി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന നഗരങ്ങള്‍ക്ക് അതിന്റെ വിജയഗാഥ ഒരു മാതൃകയായി തുടരും.’ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
എമിറേറ്റിലെ എല്ലാ മേഖലകളിലും വിജയം നിലനിര്‍ത്തുക, മികവിന്റെയും നേതൃത്വത്തിന്റെയും സംസ്‌കാരം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതവും സംഭരണവും മുതല്‍ ഭക്ഷ്യ സേവനങ്ങളും റിയല്‍ എസ്റ്റേറ്റും വരെയുള്ള മേഖലകളില്‍ ദുബൈ കുതിച്ചുയരുന്നതായി കണക്കുകള്‍ കാണിക്കുന്നു.