Uae
പുതുവത്സരാഘോഷത്തിന് ഒരുങ്ങി ദുബൈ
നഗരത്തിന് ചുറ്റുമുള്ള വിവിധ മറൈന്‍ സ്റേഷനുകളിലൂടെ കടത്തുവള്ളം, വാട്ടര്‍ ടാക്‌സി, അബ്ര എന്നിവയിലൂടെ വെള്ളത്തിലൂടെയുള്ള യാത്ര നടത്താനാവും.
ദുബൈ | 2025ന്റെ പുതുവത്സരാഘോഷത്തിലേക്ക് അടുക്കുമ്പോള്‍, ദുബൈ സെക്യൂരിറ്റി ഇന്‍ഡസ്ട്രി റെഗുലേറ്ററി ഏജന്‍സി (സിറ) തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ദുബൈയിലെ വിവിധ സ്ഥലങ്ങളില്‍ അതിമനോഹരമായ വെടിക്കെട്ട് സംഘടിപ്പിക്കുന്നതിനും എല്ലാ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷാനുഭവം പ്രദാനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയത്.
നഗരത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ്, ഹോട്ടല്‍, വാണിജ്യ മേഖലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതുവര്‍ഷത്തിലുടനീളം 36 തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ 45-ലധികം പടക്ക പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. ബുര്‍ജ് പാര്‍ക്ക്, ഗ്ലോബല്‍ വില്ലേജ്, ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്സ് ആന്‍ഡ് ദി ബീച്ച്, ജെ ബി ആര്‍, ഹത്ത എന്നിവയില്‍ പ്രത്യേക വെടിക്കെട്ട് ഉണ്ടാവും. ബുര്‍ജ് പാര്‍ക്കില്‍ ബുര്‍ജ് ഖലീഫ പ്രത്യേക പ്രദര്‍ശനമുണ്ടാവും.
കരിമരുന്ന് പ്രയോഗത്തിന് മുമ്പും സമയത്തും ശേഷവും ഇനിപ്പറയുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സിറ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. നിരോധിത മേഖലകളില്‍ പ്രവേശിക്കരുതെന്നും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
നഗരത്തിന് ചുറ്റുമുള്ള വിവിധ മറൈന്‍ സ്റേഷനുകളിലൂടെ കടത്തുവള്ളം, വാട്ടര്‍ ടാക്‌സി, അബ്ര എന്നിവയിലൂടെ വെള്ളത്തിലൂടെയുള്ള യാത്ര നടത്താനാവും. മറീന മാള്‍ അല്‍ ഗുബൈബ, ബ്ലൂവാട്ടേഴ്സ്, അല്‍ ഫാഹിദി, അല്‍ ജദ്ദാഫ് എന്നിവയിലെ യാത്രകള്‍ക്ക്marinebooking@rta.aeഎന്ന വിലാസത്തില്‍ ബന്ധപ്പെട്ട് യാത്ര ബുക്ക് ചെയ്യാനും കഴിയും.