multiple entry visa
ദുബൈ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കാന്‍ തുടങ്ങി
വിദേശികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായിരിക്കുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി
ദുബൈ | ദുബൈയില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അഞ്ച് വര്‍ഷത്തെ സന്ദര്‍ശക വിസ അനുവദിച്ചു തുടങ്ങി. ഈ വിസയില്‍ എത്ര തവണ വേണമെങ്കിലും നാട്ടില്‍ പോയി വരാന്‍ കഴിയും. വിദേശികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് സൗകര്യപ്രദമായിരിക്കുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.
‘കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുമായി എമിറേറ്റ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി വിസ ദുബൈ അവതരിപ്പിച്ചു,’ ശൈഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. ‘വിസ അപേക്ഷാ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കും. ദുബൈ പ്രവേശനം എളുപ്പമാകും. വിദേശത്തു നിന്നുള്ള സന്ദര്‍ശകരുടെ താമസ കാലാവധി ദീര്‍ഘമാകും. സ്ഥാപനങ്ങളുടെ സമ്മേളനങ്ങള്‍, ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ ഇടക്കിടെ ജീവനക്കാര്‍ക്ക് എത്താം. ദുബൈ ലോകത്ത് ജോലി ചെയ്യാനും താമസിക്കാനുമുള്ള ഏറ്റവും മികച്ച നഗരം ആകും,’ ശൈഖ് ഹംദാന്‍ പറഞ്ഞു. ദുബൈ ഇക്കോണമി ആന്‍ഡ് ടൂറിസം വകുപ്പുമായി സഹകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സാണ് പുതിയ വിസ അവതരിപ്പിച്ചത്.
കുറഞ്ഞത് 90 ദിവസത്തേക്ക് യു എ ഇ സന്ദര്‍ശിക്കാനും താമസിക്കാനും ഇത് ജീവനക്കാരെ അനുവദിക്കുന്നു. ഈ കാലയളവ് 90 ദിവസത്തേക്ക് കൂടി നീട്ടാനുള്ള സംവിധാനമുണ്ട്. അത് കഴിഞ്ഞാല്‍ നാട്ടില്‍ പോയി വരാം. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ക്കും കഴിവുള്ള വ്യക്തികള്‍ക്കും വളരാനും അഭിവൃദ്ധി പ്രാപിക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദുബൈ ആരംഭിച്ച സംരംഭങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി വിസയെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.