Uae
ദുബൈ; ഹത്ത വിന്റർ ഫെസ്റ്റിവൽ തുടങ്ങി
ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ ലൈറ്റ് ഡിസ്‌പ്ലേകൾ, ലൈവ് പെർഫോമൻസ്, ആക്ടിവിറ്റികൾ എന്നിവ ജനുവരി അഞ്ച് വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും നടക്കും.
ദുബൈ | ദുബൈയിലെ 3000 വർഷം പഴക്കമുള്ള പർവതഗ്രാമമായ ഹത്തയിൽ 40 ദിവസത്തെ സാംസ്‌കാരികോത്സവം ആരംഭിച്ചു. ഡിസംബർ 11 ന് ആരംഭിച്ച “ഹത്ത വിന്റർ’ ജനുവരി 12 വരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന അഞ്ച് പ്രധാന ഉത്സവങ്ങൾ അവതരിപ്പിക്കുന്നു. ദുബൈ ഡെസ്റ്റിനേഷൻസ് ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടികൾ.
ലീം തടാകത്തിൽ ബ്രാൻഡ് ദുബൈ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ 120 വർക്്ഷോപ്പുകൾ, 14ലധികം പ്രവർത്തനങ്ങൾ, നാല് കമ്മ്യൂണിറ്റി ഇവന്റുകൾ, തത്സമയ പ്രകടനങ്ങൾ, സ്റ്റേജ് പരിപാടികൾ ഒരുക്കും. ഉത്സവ ലൈനപ്പിൽ കാർഷിക ഉത്സവം, തേൻ ഉത്സവം, സാംസ്‌കാരിക രാത്രികൾ എന്നിവ ഉൾപ്പെടുന്നു.
ദുബൈ മുനിസിപ്പാലിറ്റി ഹത്ത ഹണി ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പ് സംഘടിപ്പിക്കും. പ്രാദേശിക തേൻ ഇനങ്ങൾ പര്യവേക്ഷണം ചെയ്യാനും ഇമാറാത്തി തേനീച്ച വളർത്തുന്നവരെ പിന്തുണക്കാനുമുള്ള അവസരം നൽകുന്നു. പ്രദേശത്തിന്റെ കാർഷിക പൈതൃകം ഉയർത്തിക്കാട്ടി പ്രാദേശിക ഫാമുകളിൽ നിന്നുള്ള പുതിയ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും.
ഹത്ത കൾച്ചറൽ നൈറ്റ്‌സ് പ്രദേശത്തിന്റെ പൈതൃകവും സംസ്‌കാരവും പ്രകൃതി സൗന്ദര്യവും ആഘോഷിക്കും. മൗണ്ടൻ ബൈക്കിംഗ്, ഹൈക്കിംഗ്, സൈക്ലിംഗ്, സ്റ്റാൻഡ്-അപ്പ് പാഡിൽ ബോർഡിംഗ്, കയാക്കിംഗ്, ദീർഘദൂര റേസുകൾ, മോട്ടോർസ്പോർട്ട് ഇവന്റുകൾ എന്നിവ പോലുള്ള കായിക വിനോദ പ്രവർത്തനങ്ങളും നടക്കും.