Uae
ദുബൈ; താങ്ങാനാവുന്ന പ്രദേശങ്ങളിൽ താമസ വാടകയിൽ വൻ വർധന
ദേര, ബർ ദുബൈ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ ദുബൈ മെട്രോ ആകർഷണം വർധിപ്പിച്ചു.
ദുബൈ | ദുബൈയിൽ താങ്ങാനാവുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം താമസ വാടകയിൽ വലിയ വർധനവുണ്ടായതായി പഠനം. ബഡ്ജറ്റ്-സൗഹൃദ സാധ്യത തേടുന്ന നിവാസികളുടെ തള്ളിക്കയറ്റമാണ് കാരണം.ഇടത്തരം അപ്പാർട്ട്മെന്റുകളുടെ വാടക 48 ശതമാനം വരെ ഉയർന്നുവെന്ന് ബയൂത്ത് ഡോട് കോം ചൂണ്ടിക്കാട്ടി.
ദേരയിൽ 2 ബെഡ്റൂം ഫ്ലാറ്റുകൾക്കാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ദുബൈ ഇൻവെസ്റ്റ്മെന്റ്പാർക്ക് (ഡി ഐ പി), ഡിസ്‌കവറി ഗാർഡൻസ്, ലിവാൻ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം ഒമ്പത് മുതൽ 11 ശതമാനം വരെ വാടക ഉയർന്നു.ലിവിംഗ് ലെജൻഡ്സ്, മോട്ടോർ സിറ്റി, അൽ ഫുർജാൻ തുടങ്ങിയ ഇടങ്ങളിൽ ഉടമകൾക്ക് 8.7 ശതമാനത്തിന് മുകളിൽ വരുമാനം കൂടി.അൽ സുഫൂഹ്, ഗ്രീൻ കമ്മ്യൂണിറ്റി, അൽ ബരാരി എന്നിവിടങ്ങളിലെ ആഡംബര അപ്പാർട്ട്മെന്റുകൾ ഏഴ് ശതമാനത്തിനും ഒമ്പത് ശതമാനത്തിനും ഇടയിൽ വരുമാന വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വില്ല വിപണിയിൽ, ദുബൈ ഇൻഡസ്ട്രിയൽ സിറ്റി, ഇന്റർനാഷണൽ സിറ്റി, ഡമാക് ഹിൽസ് -2 എന്നിവ താങ്ങാനാവുന്ന വിഭാഗത്തിൽ മുന്നിട്ട് നിൽക്കുന്നു. ജെ വി സി, അൽ ഫുർജാൻ, ജുമൈറ വില്ലേജ് ട്രയാംഗിൾ തുടങ്ങിയ വില്ല കമ്മ്യൂണിറ്റികൾ ആറ് മുതൽ എട്ട് ശതമാനം വരെ വരുമാനം നേടി.ദി സസ്‌റ്റൈനബിൾ സിറ്റി, അൽ ബരാരി, തിലാൽ അൽ ഗാഫ് എന്നിവയുൾപ്പെടെയുള്ള ആഡംബര വില്ല കമ്മ്യൂണിറ്റികൾ ആറ് ശതമാനത്തിലധികം രേഖപ്പെടുത്തി. ഈ പ്രദേശങ്ങൾ കുടിയാന്മാരെ ആകർഷിക്കുക മാത്രമല്ല, സ്വത്ത് ഉടമകൾക്കും നിക്ഷേപകർക്കും ശക്തമായ വാടക ആദായം വാഗ്ദാനം ചെയ്തു.
ദേര, ബർ ദുബൈ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ ദുബൈ മെട്രോ ആകർഷണം വർധിപ്പിച്ചു. അപ്പാർട്ട്മെന്റുകൾക്കായി ബർ ദുബൈ, വില്ലകൾക്കായി ഡമാക് ഹിൽസ്-2, മിർദിഫ് എന്നിവയും മറ്റ് ജനപ്രിയ മേഖലകൾ ഉൾപ്പെടുന്നു. ഇടത്തരം താമസയിടങ്ങൾക്ക് 44 ശതമാനം വരെ ഉയർന്നു.2025 ഓടെ ദുബൈ പ്രവാസി ജനസംഖ്യ 40 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, റിയൽ എസ്റ്റേറ്റ് രംഗം ആവേശത്തിലാണ്. ഭവന നിർമാണത്തിനുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം ഇടത്തരം അപ്പാർട്ട്മെന്റ്‌വാടക 41 ശതമാനം വരെ വർധിച്ചപ്പോൾ ആഡംബര അപ്പാർട്ട്മെന്റുകളുടെ അഞ്ച് മുതൽ 25 ശതമാനം വരെ വർധിച്ചു. വില്ല റെന്റൽ മാർക്കറ്റിൽ 45 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. ടൗൺ സ്‌ക്വയറിലെ നാല് ബെഡ്റൂം യൂണിറ്റുകൾക്ക്, കൂടുതൽ ആളുകൾ എത്തി.ജുമൈറ വില്ലേജ് സർക്കിളും (ജെ വി സി) ബിസിനസ് ബേയും മുൻനിര സ്ഥലങ്ങളായി ഉയർന്നു.
അതേസമയം വില്ലകൾക്ക് ജെ വി സിയും ടൗൺ സ്‌ക്വയറും മുൻഗണന നൽകി. മറീനയും ഡൗൺടൗൺ ദുബൈയും കുതിപ്പിലാണ്. ഹിൽസ് എസ്റ്റേറ്റും അൽ ബർശയും വില്ല വിപണിയിൽ ആധിപത്യം പുലർത്തി. ഉയർന്ന നിലവാരത്തിലുള്ള വില്ലകളുടെ വാടക 60 ശതമാനം വരെ ഉയർന്നു. ജുമൈറയിൽ വലിയ വർധനയുണ്ടായി. പ്രത്യേകിച്ച് വലിയ ആറ് ബെഡ്റൂം യൂണിറ്റുകൾക്ക്. കഴിഞ്ഞ നാല് വർഷമായി പ്രവണത തുടരുന്നു.