Uae
ആകർഷകമായി ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോ
ശൈഖ് ഹംദാൻ സന്ദർശിച്ചു.

ദുബൈ| തിങ്കളാഴ്ച ആരംഭിച്ച ദുബൈ ഇന്റർനാഷണൽ ബോട്ട് ഷോ ദുബൈ ഹാർബറിൽ സജീവമായി. ദുബൈ വേൾഡ് ട്രേഡ് സെന്റർ സംഘടിപ്പിക്കുന്ന 31-ാമത് പതിപ്പ് ഇന്നലെ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സന്ദർശിച്ചു. 60-ലധികം രാജ്യങ്ങളിൽ നിന്നായി 1,000-ത്തിലധികം ബ്രാൻഡുകളുടെയും 200-ലധികം യാച്ചുകളുടെയും വാട്ടർക്രാഫ്റ്റുകളുടെയും ഉയർന്ന പങ്കാളിത്തമാണ് ഈ വർഷത്തെ സവിശേഷത. അഞ്ച് ദിവസത്തെ പരിപാടിയിൽ ലോകമെമ്പാടും നിന്ന് 35,000-ത്തിലധികം സന്ദർശകർ പങ്കെടുക്കും.
ലോകോത്തര തുറമുഖങ്ങൾ, അസാധാരണമായ സേവന അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള സമുദ്ര സേവനങ്ങൾ നൽകുന്നതിൽ സമാനതകളില്ലാത്ത വൈദഗ്ദ്ധ്യം എന്നിവ ദുബൈയിൽ വ്യവസായ പ്രമുഖരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. അസിമുട്ട്, ഫെറെറ്റി, ഗൾഫ് ക്രാഫ്റ്റ്, സൺസീക്കർ എന്നിവയുൾപ്പെടെ ഏറ്റവും പ്രശസ്തരായ ആഗോള യാച്ച് നിർമാതാക്കൾ 200-ലധികം യാച്ചുകളും വാട്ടർക്രാഫ്റ്റുകളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ആഡംബര യാച്ചുകളുടെയും ബോട്ട് ഡിസൈനുകളുടെയും വിൽപ്പനയും വാങ്ങലും ഇതിലൂടെ നടക്കും.