Uae
ദുബൈ; പ്ലാസ്റ്റിക്ക് ഉപയോഗം ഘട്ടംഘട്ടമായി നിർത്തലാക്കാൻ പുതിയ മാർഗനിർദേശം പുറത്തിറക്കി
ബയോഡീഗ്രേഡബിള്‍ എന്ന് അടയാളപ്പെടുത്തിയവ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവയുടെ നിരോധനം നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുന്നു.
ദുബൈ | ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്ന ഒരു ഗൈഡ് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു.
നിര്‍മാതാക്കള്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് സുസ്ഥിര ബദലുകളിലേക്ക് മാറുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഗൈഡ് നല്‍കുന്നു.2022ലെ 380-ാം നമ്പര്‍ മന്ത്രിതല തീരുമാനത്തെ പിന്തുണച്ചു കൊണ്ടാണ് മാര്‍ഗനിര്‍ദേശം.
ഗൈഡ് എല്ലാ പങ്കാളികള്‍ക്കും ഒരു അവലംബമായി വര്‍ത്തിക്കുന്നുവെന്നും മികച്ച പരിസ്ഥിതി സുസ്ഥിര സമ്പ്രദായങ്ങളിലേക്ക് അവരെ നയിക്കുന്നുവെന്നും മന്ത്രാലയത്തിലെ സുസ്ഥിര കമ്മ്യൂണിറ്റി വിഭാഗത്തിന്റെ അസിസ്റ്റന്റ്അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ ആലിയ അബ്ദുര്‍റഹീം അല്‍ ഹര്‍മൂദി പറഞ്ഞു.
2024 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന മന്ത്രിതല തീരുമാനം, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉത്പന്ന ഉപഭോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയുടെ ഉത്പാദനത്തിനും ഉപയോഗത്തിനുമുള്ള നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ബയോഡീഗ്രേഡബിള്‍ എന്ന് അടയാളപ്പെടുത്തിയവ ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, ഉത്പാദനം, വ്യാപാരം എന്നിവയുടെ നിരോധനം നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുന്നു.
പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ആവശ്യകതകള്‍ ഗൈഡ് വ്യക്തമാക്കുന്നു. ഈ ബാഗുകള്‍ കഴുകാന്‍ കഴിയുന്നതും ഹാനികരമായ പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളാത്തതും യു എ ഇ സാങ്കേതിക മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നതുമായിരിക്കണം. ദുബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന കൂടുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ബുധനാഴ്ച നിലവില്‍ വന്നു. പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി സൗഹൃദ സ്വഭാവം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന വസ്തുക്കള്‍ പൂര്‍ണമായും നിരോധിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പ്രമേയത്തിന്റെ രണ്ടാം ഘട്ടമാണ് നടപ്പിലാക്കുന്നത്.ജൂണ്‍ ഒന്നിനകം ഇത് പൂര്‍ണമായും നടപ്പിലാക്കും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകള്‍, പ്ലാസ്റ്റിക് കോട്ടന്‍ സ്വാബ്സ്, പ്ലാസ്റ്റിക് ടേബിള്‍ കവറുകള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍, സ്റ്റൈറോഫോം ഭക്ഷണ കണ്ടെയ്നറുകള്‍, പ്ലാസ്റ്റിക് സ്റ്റിററുകള്‍ എന്നിവ നിരോധനത്തില്‍ ഉള്‍പ്പെടും.