Uae
ദുബൈ മാരത്തൺ: ബ്യൂട്ടെ ഗെമെച്ചു ജേതാവ്
വനിതാ വിഭാഗത്തിൽ ബെഡതു ഹിർപ വിജയിച്ചു.
ദുബൈ|എത്യോപ്യൻ ഓട്ടക്കാരൻ ബ്യൂട്ടെ ഗെമെച്ചു ദുബൈ മാരത്തണിൽ ജേതാവായി. ഞായറാഴ്ച നടന്ന മത്സരത്തിലെ ക്ലാസിക് ഓട്ട മത്സരത്തിൽ 23 കാരനായ ഇദ്ദേഹം 2:04:50 എന്ന ലോകത്തിലെ ഏറ്റവും മികച്ച സമയത്തിലാണ് വിജയകിരീടം ചൂടിയത്. നവാഗത മത്സരാർഥിയാണ് ബ്യൂട്ടെ. മറ്റൊരു അരങ്ങേറ്റക്കാരനായ ബെറെഹാനു സെഗു 2:05:14 ന് റണ്ണറപ്പായി. ശിഫെറ തമ്രു 2:05:28ന് മൂന്നാം സ്ഥാനത്തെത്തി. ഇവരും എത്യോപ്യൻ താരങ്ങളാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയതും വേഗതയേറിയതുമായ അന്താരാഷ്ട്ര മാരത്തണിൽ ലോകമെമ്പാടുമുള്ള എലൈറ്റ് ഓട്ടക്കാർ മത്സരിക്കാൻ എത്തിയിരുന്നു. വനിതാ മത്സരത്തിന് നാടകീയമായ പര്യവസാനമാണുണ്ടായത്. ഫിനിഷിംഗിൽ ബെഡതു ഹിർപ സഹ-എത്യോപ്യൻ താരം ദേരാ ദിദയെ മറികടന്ന് 2:18:27 എന്ന ലോക ലീഡിൽ വിജയിച്ചു. 25 വയസ്സുകാരിയായ ബെഡതു കരിയറിലെ ഏറ്റവും വലിയ വിജയവും മികച്ച വ്യക്തിഗത നേട്ടമാണ് നേടിയത്. 2:18:31 എന്ന നാല് സെക്കൻഡ് സമയ വ്യത്യാസത്തിനാണ് ദേരാ ദിദയെ തകർത്തത്. എത്യോപ്യൻ ടിജിസ്റ്റ് ഗിർമ 2:20:47ൽ മൂന്നാമതെത്തി.
ദുബൈ മാരത്തണിന്റെ 24-ാമത് എഡിഷനിൽ കുറഞ്ഞ ദൂരത്തിൽ മത്സരങ്ങൾ ഉൾപ്പെടെ 17,000 മത്സരാർഥികളെയാണ് ആകർഷിച്ചത്. പത്ത് കിലോമീറ്റർ, നാല് കിലോമീറ്റർ ഫൺ റണ്ണുകൾ ഉൾപ്പെടെയുള്ള മത്സരം നടന്ന ദുബൈ മാരത്തൺ ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമവും നടത്തി.
ഇവന്റിനെ പിന്തുണക്കുന്നതിന് മെട്രോ കൂടുതൽ സമയം ഓടി. ചില തെരുവുകളിൽ ഗതാഗത ക്രമീകരണവും വരുത്തിയിരുന്നു. വിജയികളെ ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആദരിച്ചു.