Uae
ദുബൈ മാരത്തണ്‍ ഇന്ന്
ഉമ്മു സുഖീം റോഡിലാണ് മാരത്തണിന്റെ തുടക്കവും അവസാനവും. നാല് കിലോമീറ്റര്‍ ഫണ്‍ റണ്‍, പത്ത് കിലോമീറ്റര്‍, 42 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മത്സരങ്ങളുണ്ട്.
ദുബൈ | ദുബൈ മാരത്തണിന്റെ 24-ാമത് പതിപ്പ് ഇന്ന്. 42 കിലോമീറ്റര്‍ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകള്‍ രാവിലെ ആറ് മണിക്ക് റോഡിലിറങ്ങും. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലാണ് സംഘാടകര്‍. ഉമ്മു സുഖീം റോഡിലാണ് മാരത്തണിന്റെ തുടക്കവും അവസാനവും. നാല് കിലോമീറ്റര്‍ ഫണ്‍ റണ്‍, പത്ത് കിലോമീറ്റര്‍, 42 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മത്സരങ്ങളുണ്ട്. മുന്‍ ലോക ചാമ്പ്യന്‍ ലെലിസ ഡെസീസ അടക്കം മുന്‍ ലോക മാരത്തണ്‍ ചാമ്പ്യന്മാരും റെക്കോര്‍ഡ് ഉടമകളും മാറ്റുരക്കും.
1998 മുതല്‍ എമിറേറ്റില്‍ നടക്കുന്ന ഒരു വാര്‍ഷിക പരിപാടിയാണ് ദുബൈ മാരത്തണ്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കമേറിയതും വേഗതയേറിയതുമായ അന്താരാഷ്ട്ര മത്സരമാണിത്. മാരത്തണിന് ഗതാഗതം സുഗമമാക്കുന്നതിന് രാവിലെ അഞ്ച് മുതല്‍ ദുബൈ മെട്രോ പ്രവര്‍ത്തനം ആരംഭിക്കും.
മത്സരം ഉച്ചക്ക് ഒന്ന് വരെയാണ് നടക്കുക. ഇതിന്റെ ഭാഗമായി ഉമ്മു സുഖീം സ്ട്രീറ്റിന്റെ ഒരു ഭാഗം (അല്‍ വാസല്‍ റോഡിനും ജുമൈറ റോഡിനും ഇടയിലുള്ള ഭാഗം) അടച്ചിടും. ജുമൈറ സ്ട്രീറ്റിന്റെയും കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിന്റെയും ഇരുവശങ്ങളിലും നിയുക്ത ക്രോസിംഗ് ഏരിയകളിലും ഗതാഗതം നിയന്ത്രിക്കും.