Uae
ദുബൈ - മുംബൈ അണ്ടർവാട്ടർ റെയിൽ ആശയത്തിന് ആക്കം കൂടുന്നു; കൊച്ചിയും പരിഗണിച്ചേക്കും
വിമാനത്തേക്കാൾ വേഗമുള്ള പാതയായിരിക്കും ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദുബൈ|കടലിനടിയിലൂടെ ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന റെയിൽപാളം എന്ന ആശയം യാഥാർഥ്യമാകുമെന്നു പ്രതീക്ഷ. ശൈഖ് ഹംദാൻ ഇന്ത്യ സന്ദർശിക്കുന്നത് ഈ ആശയത്തിന് ആക്കം കൂട്ടും. ഏതാനും വർഷം മുമ്പ് ദുബൈയിലാണ് ആശയം രൂപം കൊണ്ടത്. മുംബൈയെ ബന്ധിപ്പിക്കുന്ന അണ്ടർവാട്ടർ റെയിൽവേ പദ്ധതി “ആശയ ഘട്ടത്തിൽ’ തന്നെ തുടർന്നു. വിമാനത്തേക്കാൾ വേഗമുള്ള പാതയായിരിക്കും ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ മാധ്യമങ്ങൾ നിർദിഷ്ട അണ്ടർവാട്ടർ റെയിൽവേ ശൃംഖലയെക്കുറിച്ച് ഈയിടെ വ്യാപകമായി ചർച്ച ചെയ്തുവെന്ന് ദി നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല അൽ ശെഹ്ഹി ചൂണ്ടിക്കാട്ടി.
2018 ലാണ് ഈ വൻ പദ്ധതി ആദ്യമായി നിർദേശിക്കപ്പെട്ടത്. സാധ്യത പഠനം നടന്നു കൊണ്ടിരിക്കയാണ്. രണ്ട് രാജ്യങ്ങളുടെ അതിർത്തി സുരക്ഷാ സംവിധാനങ്ങൾ കൂടി കണക്കിലെടുക്കേണ്ടി വരും. ആരൊക്കെയാണ് നിക്ഷേപം നടത്തുകയെന്നും വ്യക്തമാകേണ്ടതുണ്ട്. ആദ്യം ഔദ്യോഗിക അംഗീകാരം നേടേണ്ടതുണ്ട്. യു എ ഇ ഇന്ത്യ വ്യാപാര ബന്ധത്തിലും നാഴികക്കല്ലായിരിക്കും റെയിൽ പദ്ധതി. കറാച്ചി, മസ്‌കത്ത്, കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്നതും ആലോചനയിൽ വന്നിട്ടുണ്ട്. “ഈ മേഖലയിലെ ഏകദേശം 150 കോടി ജനങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.’ അൽ ശെഹ്ഹി ചൂണ്ടിക്കാട്ടി. “വിമാനത്തിന് പകരം ട്രെയിൻ ഉപയോഗിക്കുന്നത് അവർക്കു എളുപ്പമാകും.
‘അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എളുപ്പത്തിൽ കൊണ്ടുപോകാമെന്നതാണ്. ഇന്ത്യയിലെ നർമദ നദിയിൽ നിന്ന് യു എ ഇയിലേക്ക് വെള്ളം എത്തിക്കാനും സാധിക്കും. മാഗ്ലെവ് സാങ്കേതികവിദ്യ എന്നറിയപ്പെടുന്ന വൈദ്യുതകാന്തികങ്ങൾ ഉപയോഗിച്ചാണ് ട്രെയിൻ ഓടുക. ഇത് ട്രെയിനിനെ മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ എത്തിക്കും. അറബിക്കടലിന്റെ ഉപരിതലത്തിൽ നിന്ന് 20-30 മീറ്റർ താഴെ മുങ്ങിപ്പോകുന്ന കോൺക്രീറ്റ് തുരങ്കങ്ങളിലൂടെ ട്രെയിൻ കടന്നുപോകും.
---- facebook comment plugin here -----