Uae
ദുബൈ; പുതിയ വ്യക്തി നിയമം പ്രാബല്യത്തിലായി
നിയമം യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരു പോലെ ബാധകമാണ്.

ദുബൈ | യു എ ഇയില്‍ പുതിയ വ്യക്തി നിയമം പ്രാബല്യത്തില്‍ വന്നു. 2024 ലെ ഫെഡറല്‍ ഡിക്രി-നിയമം നമ്പര്‍ 41 പ്രകാരമാണിത്. മാതാപിതാക്കളുടെ അവകാശങ്ങള്‍, കുട്ടികളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ പുതിയ നിയമമനുസരിച്ചായിരിക്കും വിധി. യുഎഇയില്‍ താമസിക്കുന്ന മുസ്്‌ലിങ്ങള്‍ക്ക് നിയമം ബാധകമാകും.
പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം, കുട്ടിയുമായി അനധികൃത യാത്ര, അവഗണന, മാതാപിതാക്കള്‍ മതിയായ പരിചരണവും പിന്തുണയും നല്‍കുന്നതില്‍ പരാജയപ്പെടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെയുള്ള കര്‍ശനമായ പിഴകള്‍ ചുമത്തും. പേഴ്സണല്‍ സ്റ്റാറ്റസിനെക്കുറിച്ചു 2005 ലെ 28-ാം നമ്പര്‍ ഫെഡറല്‍ നിയമത്തിന് പകരമായാണ് പുതിയ നിയമം.
‘യു എ ഇയുടെ പുതിയ വ്യക്തി നിയമം വിശാലവും വ്യാപ്തിയുള്ളതുമാണ്. നിയമം യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരു പോലെ ബാധകമാണ്. എന്നിരുന്നാലും, മുസ്്‌ലിം അല്ലാത്ത പൗരന്മാര്‍ക്കും ചില യു എ ഇ നിവാസികള്‍ക്കും വ്യത്യസ്തമായ ഒരു നിയമം തിരഞ്ഞെടുക്കാം. കൂടാതെ, ചില വ്യവസ്ഥകള്‍ക്ക് വിധേയമായി, പുതിയ നിയമം യു എ ഇ നിവാസികള്‍ അല്ലാത്തവര്‍ക്കും ബാധകമായേക്കാമെന്നും നിയമ വിദഗ്ധര്‍ പറഞ്ഞു.
കക്ഷികളില്‍ ഒരാള്‍ മുസ്്‌ലിമായ യു എ ഇ പൗരന്മാര്‍ക്കും നിയമം ബാധകമാണ് (ഉദാഹരണത്തിന്, ഒരു ക്രിസ്ത്യന്‍ സ്ത്രീയെ വിവാഹം കഴിച്ച ഇമാറാത്തി മുസ്്‌ലിം ഭര്‍ത്താവിന്റെ കേസുകളില്‍). മുസ്്‌ലിം ഇതര യു എ ഇ പൗരന്മാര്‍ക്ക് അവരുടെ മാതൃരാജ്യത്തിന്റെ നിയമം, അല്ലെങ്കില്‍ പരസ്പരം യോജിച്ച മറ്റൊരു നിയമം തിരഞ്ഞെടുക്കാം.സിവില്‍ വിവാഹങ്ങളും അതിന്റെ ഫലങ്ങളും സംബന്ധിച്ച 2021 ലെ അബുദബി നിയമം നമ്പര്‍ 14, അല്ലെങ്കില്‍ കക്ഷികള്‍ വിവാഹിതരായ മൗറീഷ്യസിന്റെ നിയമം.നിര്‍ദ്ദിഷ്ട സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്കും ഈ നിയമം ബാധകമായേക്കാം.യു എ ഇ പൗരനോ താമസക്കാരനോ വാദിയായും പ്രവാസി പ്രതിയായും ഉള്‍പ്പെടുന്ന വിവാഹമോചന നടപടികള്‍ക്കും ബാധകമാക്കും.