Uae
ദുബൈ; 60,000 ദിർഹത്തിൽ കൂടുതൽ കറൻസി നോട്ടുകൾ വിമാനത്താവളം വഴി കൈവശം പാടില്ല
കസ്റ്റംസ് തീരുവ അടക്കാതെ 3,000 ദിർഹം വരെ മൂല്യമുള്ള സാധനങ്ങൾ കൊണ്ടുവരാം.

ദുബൈ | 60,000 ദിർഹത്തിൽ കൂടുതൽ കറൻസി നോട്ടുകൾ യു എ ഇയിലേക്ക് കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ദുബൈ കസ്റ്റംസ് വ്യക്തമാക്കി.വലിയ അളവിൽ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോകുന്നതിന് കർശനമായ നിയമങ്ങൾ ബാധകമാണ്. 60,000 ദിർഹമോ തത്തുല്യമായ മറ്റു കറൻസികളോ ഉള്ള യാത്രക്കാർ അത് കസ്റ്റംസ് അധികാരികൾക്ക് മുന്നിൽ പ്രഖ്യാപിക്കണം.ദുബൈ വിമാനത്താവളങ്ങളിൽ, പാസ്പോർട്ട് നിയന്ത്രണത്തിന് തൊട്ടുപിന്നാലെയാണ് കസ്റ്റംസ് പ്രക്രിയ.വസ്തുക്കൾ പരിശോധിക്കാനോ തീരുവ ചുമത്താനോ പ്രഖ്യാപിക്കാത്ത വസ്തുക്കൾ കണ്ടുകെട്ടാനോ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.
കസ്റ്റംസ് തീരുവ അടക്കാതെ 3,000 ദിർഹം വരെ മൂല്യമുള്ള സാധനങ്ങൾ കൊണ്ടുവരാം. 200 സിഗരറ്റുകൾ, അല്ലെങ്കിൽ 50 സിഗാറുകൾ, അല്ലെങ്കിൽ 500 ഗ്രാം പുകയില (പൈപ്പുകൾ, ഹുക്ക മൊളാസസ് അല്ലെങ്കിൽ മറ്റ് ഉപയോഗങ്ങൾക്ക്) എന്നിങ്ങനെ തീരുവ ചുമത്തില്ല. അധിക അളവിലാണെങ്കിൽ കസ്റ്റംസ് തീരുവക്ക് വിധേയമായിരിക്കും.
ലഹരിപാനീയങ്ങൾ നാല് ലിറ്റർ വരെ ആകാം. രണ്ട് കാർട്ടൺ വരെ ബിയർ (24 ക്യാനുകളുള്ള ഓരോ കാർട്ടണും 355 മില്ലി വീതം) അനുവദനീയം. അധിക അളവിൽ എങ്കിൽ പിടിച്ചെടുക്കും.
ഇ-സിഗരറ്റുകൾ, ഇ-ഹുക്കകൾ, ചൂടാക്കിയ പുകയില ഉപകരണങ്ങൾ, നിക്കോട്ടിൻ ദ്രാവകങ്ങൾ അല്ലെങ്കിൽ കാട്രിഡ്ജുകൾ – വ്യക്തിഗത ഉപയോഗത്തിന് മാത്രമാണെങ്കിൽ അനുവദനീയമാണ്. അന്തിമ തീരുമാനം കസ്റ്റംസ് ഇൻസ്‌പെക്ടറുടേതാണ്. ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, പേയ്മെന്റ് ഓർഡറുകൾ, വിലയേറിയ ലോഹങ്ങളും കല്ലുകളും കസ്റ്റംസിനെ ബോധ്യപ്പെടുത്തണം.
സാധനങ്ങളുടെ മൂല്യത്തിന്റെ അഞ്ച് ശതമാനവും കോസ്റ്റ് ഫ്രൈറ്റ് ഇൻഷ്വറൻസും ചേർന്നതാണ് കസ്റ്റംസ് തീരുവ.മദ്യത്തിന് 50 ശതമാനവും സിഗരറ്റിന് 100 ശതമാനവുമാണ് ഇത്.